കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു. ഗ്രാമിന് 20 രൂപയുടെയും പവന് 160 രൂപയുടെയും വർധനവാണ് ഇന്നുണ്ടായിട്ടുള്ളത്. ഇതോടെ സ്വർണവില പവന് വീണ്ടും 30,000 രൂപയിൽ തൊട്ടു. ഗ്രാം വില ഉയർന്ന് 3750 രൂപയിലെത്തി.
കഴിഞ്ഞ എട്ടിന് സർവകാല റിക്കാർഡായ പവന് 30,400 രൂപയിലെത്തിയശേഷം പിന്നീടുള്ള ദിവസങ്ങളിൽ കുത്തനെ താഴേക്കിറങ്ങിയ സ്വർണവില ഏതാനും ദിവസങ്ങളായി പടിപടിയായി ഉയർന്ന് ഈ നിലവാരത്തിലെത്തുകയായിരുന്നു.
അന്താരാഷ്ട്ര സ്വർണവിലയാകട്ടെ ജനുവരി ആദ്യവാരം ട്രോയ് ഒൗണ്സിന് 1611 ഡോളറിൽ എത്തിയശേഷം 1536 ഡോളർ വരെ കുറഞ്ഞിരുന്നു.
അന്താരാഷ്ട്ര സ്വർണവില വീണ്ടും 1600 ഡോളറിലേക്ക് എത്താനുള്ള സാധ്യതകളുണ്ടെന്ന പ്രവചനങ്ങൾ വന്നുകൊണ്ടിരുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ ചാഞ്ചാട്ടം.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ്, ആഗോള സാന്പത്തിക വളർച്ചയെക്കുറിച്ചുള്ള പുതിയ ആശങ്കകൾ, അന്താരാഷ്ട്ര നാണയ നിധിയുടെ വളർച്ചാനിരക്ക്, ചൈന ഉൾപ്പെടെ രാജ്യങ്ങളിൽ പടരുന്ന കൊറോണ വൈറസ് തുടങ്ങിയവ സ്വർണവിലയിൽ ചാഞ്ചാട്ടത്തിന് കാരണമായി.