കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണക്കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വര്‍ധിച്ചു. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,290 രൂപയും പവന് 66,320 രൂപയുമായി സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. ഇന്നലത്തെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 8,250 രൂപ, പവന് 66,000 രൂപ എന്ന സര്‍വകാല റിക്കാര്‍ഡ് ആണ് ഇന്ന് ഭേദിക്കപ്പെട്ടത്. നിലവില്‍ ഒരു പവന് സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 72,000 നല്‍കേണ്ടിവരും.
അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3035 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 86.66 ആണ്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 6,810 രൂപയായി ഉയര്‍ന്നു. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് 91 ലക്ഷം രൂപ കടന്നിട്ടുണ്ട്. വെള്ളി വില 111 രൂപയാണ്. രണ്ടു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് സ്വര്‍ണവില വര്‍ധിക്കുന്നത്. സാമ്പത്തിക വര്‍ഷാവസാനവും ഏപ്രിലോടെ വിവാഹ സീസണും തുടങ്ങുന്നതിനാല്‍ ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവരില്‍ സ്വര്‍ണവില വര്‍ധന ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
ഇസ്രായേല്‍, ഗാസ ആക്രമിച്ച ശേഷം പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിച്ചതോടെ സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ട്രംപിന്റെ താരിഫ് നയങ്ങള്‍ ഉയര്‍ത്തുന്ന പണപ്പെരുപ്പ ഭീഷണി, ബുധനാഴ്ച അവസാനിക്കുന്ന ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ പലിശ നിരക്ക് സംബന്ധിച്ചുള്ള ആശയകുഴപ്പം എന്നിവ സ്വര്‍ണ വില ഉയര്‍ത്തുന്ന ഘടകങ്ങളാണ്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
സീമ മോഹന്‍ലാല്‍