കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി മേഖലയിലൂടെ സ്വർണം കടത്താനുള്ള ശ്രമം അതിർത്തി രക്ഷാസേന (ബിഎസ്എഫ്) തകർത്തു. 50 സ്വർണ ബിസ്കറ്റുകളും 16 സ്വർണക്കട്ടികളുമായി ഒരു കള്ളക്കടത്തുകാരനെ സൈന്യം പിടികൂടി.
അതിർത്തിയിലെ 68 ബറ്റാലിയൻ പോസ്റ്റിൽനിന്നാണ് ഇയാളെ പിടികൂടിയത്. 23 കിലോയോളം തൂക്കമുള്ള സ്വർണത്തിന് 14 കോടി രൂപ വിലമതിക്കുമെന്നു ബിഎസ്എഫ് അറിയിച്ചു.
പിടികൂടിയ കള്ളക്കടത്തുകാരനെയും പിടിച്ചെടുത്ത സ്വർണവും തുടർ നടപടികൾക്കായി ബാഗ്ദയിലെ കസ്റ്റംസ് ഓഫീസിന് കൈമാറുമെന്ന് ബിഎസ്എഫ് അറിയിച്ചു.
അതേസമയം, കള്ളക്കടത്തുകാർ സ്വർണക്കടത്തിനായി പാവപ്പെട്ടവരും നിരപരാധികളുമായ ആളുകളെ ചെറിയ തുക ഉപയോഗിച്ച് വശീകരിച്ച് കുടുക്കുന്നുവെന്ന് സൗത്ത് ബംഗാൾ ഫ്രണ്ടിയറിലെ ബിഎസ്എഫ് പബ്ലിക് റിലേഷൻസ് ഓഫീസർ പറഞ്ഞു.