ന്യൂഡൽഹി: സ്വർണം കടത്തിയതിന് ശശി തരൂർ എംപിയുടെ സഹായി ഉൾപ്പെടെ രണ്ടു പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ശശി തരൂരിന്റെ സഹായി ശിവകുമാർ പ്രസാദും കൂട്ടാളിയുമാണ് ഡല്‍ഹി വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലായതെന്ന് കസ്റ്റംസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ഇവരിൽനിന്ന് 500 ഗ്രാം സ്വർണം കണ്ടെത്തിയെന്ന് വാർത്താ ഏജൻസി അറിയിച്ചു.
ഇന്നലെ വൈകുന്നേരമാണ് ഇവർ കസ്റ്റംസിന്റെ പിടിയിലായത്. വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വ്യക്തിയിൽനിന്നു സ്വർണം വാങ്ങുന്നതിനിടെ ഇവരെ കസ്റ്റംസ് പിടികൂടുകയായിരുന്നുവെന്നാണു റിപ്പോർട്ട്. എന്നാൽ, സ്വർണം പിടികൂടിയത് സംബന്ധിച്ച് കൂടുതൽ വിവരങ്ങളോ പിടിയിലായ രണ്ടാമന്റെ പേരു വിവരങ്ങളോ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.
അതേസമയം തന്റെ സഹായി ഡൽഹിയിൽ പിടിയിലായ സംഭവത്തിൽ ശശി തരൂർ പ്രതികരിച്ചു. ശിവകുമാർ പ്രസാദിന്റെ അറസ്റ്റ് ഞെട്ടിച്ചുവെന്നാണ് ശശി തരൂർ പറഞ്ഞത്. ശിവകുമാർ പ്രസാദ് തന്റെ മുൻ ജീവനക്കാരനായിരുന്നു. വൃക്കരോഗിയും ഡയാലിസിസിന് വിധേയനായി കൊണ്ടിരിക്കുന്നയാളുമാണ് അദ്ദേഹം. അതിനാൽ വിമാനത്താവളത്തിലെ സഹായത്തിന് മാത്രമാണ് പാര്‍ട്ട് ടൈം സ്റ്റാഫായി തല്കാലത്തേക്ക് ശിവകുമാറിനെ നിയമിച്ചത്.
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അന്വേഷണത്തെ പിന്തുണയ്ക്കുന്നുവെന്നും തരൂർ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള പ്രതികരണമായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
72കാരനായ ശിവകുമാര്‍ ഡയാലിസിസിന് വിധേയനാകുന്നതുകൊണ്ട് മാനുഷിക പരിഗണന വച്ചാണ് വിരമിച്ചിട്ടും നിലനിർത്തിയതെന്നു ശശി തരൂര്‍ പറഞ്ഞു.
ധര്‍മശാലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് വിവരം അറിയുന്നത്. തെറ്റായ പ്രവര്‍ത്തിയെ ഒരിക്കലും ന്യായീകരിക്കുന്നില്ലെന്നും അന്വേഷണത്തിലും തുടര്‍നടപടിയിലും കസ്റ്റംസ് അധികൃതര്‍ക്ക് പൂര്‍ണ പിന്തുണയുണ്ടാകുമെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നും ശശി തരൂര്‍ പ്രതികരിച്ചു.
അതേസമയം ശശി തരൂർ എംപിയുടെ സഹായി സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിയിലായ സംഭവത്തെ പരിഹസിച്ച് കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. കോൺഗ്രസ് -സിപിഎം സ്വർണക്കടത്ത് സഖ്യമെന്നാണ് സംഭവത്തെ രാജീവ് ചന്ദ്രശേഖർ വിശേഷിപ്പിച്ചത്.
ആദ്യം കേരള മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്വർണക്കടത്തിൽ അറസ്റ്റിലായി. ഇപ്പോൾ കോൺഗ്രസ് എംപിയുടെ സഹായി അറസ്റ്റിലായിരിക്കുന്നു. ഇന്ത്യ സഖ്യകക്ഷികളായ സിപിഎമ്മും കോൺഗ്രസും സ്വർണ കള്ളക്കടത്തുകാരുടെയും സഖ്യമായെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.