ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: തിരുവനന്തപുരത്തിനു പുറമെ ഹൈദരാബാദ് അടക്കം മറ്റു വിമാനത്താവളങ്ങളിലും ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വർണക്കടത്തു നടത്തിയിരുന്നതായി സൂചന.
സ്വർണക്കടത്തു കേസിലെ എൻഐഎ അന്വേഷണം കൂടുതൽ ഉന്നതരിലേക്ക് എത്തുമെന്നും കേന്ദ്രം വിലയിരുത്തി. ഇതേത്തുടർന്നു ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായും ഏതാനും മുതിർന്ന ഉദ്യോഗസ്ഥരുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശദമായ ചർച്ച നടത്തി.
സ്വർണക്കടത്തു കേസിൽ ഉന്നതരെ ചോദ്യം ചെയ്യുന്നതിനു എൻഐഎയുടെ ദക്ഷിണമേഖലാ മേധാവിയുടെ മുൻകൂർ അനുമതി തേടണമെന്ന് അന്വേഷണ സംഘത്തിനു നിർദേശം നൽകിയിട്ടുണ്ട്.
സ്വർണക്കച്ചവടക്കാർ, ഹവാല ഇടപാടുകാർ, തീവ്രവാദ സംഘടനകൾ, ഇടനിലക്കാർ എന്നിവർക്കു പുറമെ കൂടുതൽ പ്രമുഖർ കേസിൽ ഉൾപ്പെട്ടതായി സൂചന ലഭിച്ചതിനെത്തുടർന്നാണ് അന്വേഷണം വിപുലപ്പെടുന്പോൾ ഹൈദരാബാദിലുള്ള എൻഐഎയുടെ ദക്ഷിണ മേഖലാ മേധാവിയുടെ അനുമതി വാങ്ങാൻ നിർദേശം നൽകിയത്.
ഇതുവരെ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണു നടക്കുന്നത്. എന്നാൽ കൃത്യവും വ്യക്തവുമായ തെളിവുകളുടെ അഭാവം ഉണ്ടെ ങ്കിലും സ്വർണക്കടത്തു റാക്കറ്റുമായി പല ഉന്നതർക്കും ബന്ധമുണ്ടെ ന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.
ഇതേത്തുടർന്ന് കസ്റ്റംസിനു പുറമെ വിദേശ രഹസ്യാന്വേഷണ വിഭാഗമായ റോ, ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഐബി എന്നിവരുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും സഹായവും എൻഐഎയ്ക്കു ലഭ്യമാക്കും.
രാജ്യം വിട്ട തിരുവനന്തപുരത്തെ യുഎഇ കോണ്സലേറ്റിലെ അറ്റാഷെ റാഷിദ് ഖാമിസ് അൽ ഷെമെയ്ലി ഉൾപ്പെടെ നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള തടസം മറയാക്കി ഉന്നതർ രക്ഷപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
അറബ് രാജ്യങ്ങളിലെ കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥർക്കു സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്നും എൻഐഎ അന്വേഷിക്കും. മുഖ്യമന്ത്രിയുടെ സസ്പെൻഷനിലായ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനു പുറമെ രാജ്യത്തെ മറ്റേതാനും ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കും ഇത്തരം ഇടപാടുകളുമായി ബന്ധമുണ്ടെ ന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
അമിത് ഷാ വിളിച്ച വി. മുരളീധരൻ കൂടി പങ്കെടുത്ത ഉന്നതതല യോഗം വെള്ളിയാഴ്ച രാത്രി വൈകിയും ചർച്ചകൾ നടത്തിയാണ് അന്വേഷണ പുരോഗതി വിലയിരുത്തിയത്.
നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടു തന്നെ ഇടപെട്ടിരുന്നു. ഇതേത്തുടർന്നാണ് സിബിഐ വേണ്ടെന്നും പകരം എൻഐഎ നേരിട്ട് അന്വേഷണം നടത്താനും ഉത്തരവായത്. ഇതിനു മുന്നോടിയായി ധനമന്ത്രി നിർമലാ സീതാരാമനും മന്ത്രി വി. മുരളീധരനും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
സ്വർണക്കടത്തു കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കിയതും കേന്ദ്ര ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളുടെ ഏകോപനത്തിലായിരുന്നു. ഇതേത്തുടർന്നാണു ഫൈസൽ ഫരീദിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
യുഎഇ സർക്കാരിന്റെ സഹകരണത്തോടെ ഇന്റർപോളിനെ അറിയിച്ച് ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതുസംബന്ധിച്ച് ബ്യൂറോ ഓഫ് ഇമിഗ്രേഷൻസും ആഭ്യന്തരമന്ത്രാലയവും നടപടി തുടങ്ങി.