സ്വന്തം ലേഖകന്‍
കോഴിക്കോട്: ഇടക്കാലത്തിന് ശേഷം വീണ്ടും സ്വര്ണമാഫിയസംഘങ്ങളുടെ വിലസല്. സിനിമാ സ്റ്റൈലില്‍ ഗുണ്ടാസംഘങ്ങള്‍ അരങ്ങുതകര്‍ക്കുന്ന കാഴ്ചയാണ് വീണ്ടും.
കരിപ്പൂരില്‍ പറന്നിറങ്ങുന്ന സ്വര്‍ണം അതിനേക്കാള്‍ വേഗത്തില്‍ റാഞ്ചുമ്പോള്‍ പോലീസും മറ്റ് ഉദ്യോഗസ്ഥരും നോക്കുകുത്തിയാകുകയാണ്.
കോഴിക്കോട് പൂളാടിക്കുന്ന് ബൈപാസില്‍ കാര്‍ തടഞ്ഞുനിര്‍ത്തിയാണ് സംഘം അര കിലോ സ്വര്‍ണം റാഞ്ചിയത്.
പതിവുപോലെ ഇന്‍ഫോര്‍മര്‍മാരാണ് ഇതിനുപിന്നിലും കളിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
അതേസമയം കരിപ്പൂര്‍ ഉദ്യോഗസ്ഥരുടെ പരിശോധനയെ കബളിപ്പിച്ച് സിലിന്‍ഡര്‍ രൂപത്തില്‍ എത്തിയ സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
അതായത് സ്വര്‍ണം കടത്തിയവരും അത് റോഡില്‍ വച്ച് തട്ടിയെടുത്തവരും പോലീസ് നിരീക്ഷണത്തിലാണ്.
കരിപ്പൂരില്‍ വിമാനമിറങ്ങി നാദാപുരത്തേക്ക് പോകുകയായിരുന്ന വിഷ്ണുമംഗലം കിഴക്കയില്‍ ഇല്യാസ് സഞ്ചരിച്ച കാറാണ് നാലംഗ സംഘം പിന്തുടര്ന്ന് പിടികൂടി സ്വര്‍ണം കവര്‍ന്നത്.
സുഹൃത്ത് മുഹമ്മദ്, സഹോദരന് ഹുസൈന് എന്നിവരും സംഘത്തിലുണ്ടായിരുന്നു. അതേസമയം സ്വര്‍ണം കൊണ്ടുവന്നത് ദുബായില്‍ നിന്നാണെന്ന് വ്യക്തമായി.
തുടക്കത്തില്‍ സാധാരണമോഷണമായാണ് ഇരയായവര്‍ പോലീസിനെ അറിയിച്ചു.തുടര്‍ന്നാണ് സിലിന്‍ഡര്‍ രൂപത്തില്‍ കടത്തികൊണ്ടുവന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്ന് വ്യക്തമായത്.
ഇവരുടെ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ പരിശോധിച്ച വരികയാണ്. അതേസമയം സ്വര്‍ണമാഫിയ സംഘങ്ങള്‍ തമ്മിലെ കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.
ദുബായിയിലുള്ള സുഹൃത്തിന് ഇല്യാസ് സ്വര്‍ണം നാട്ടിലേക്ക് കൊണ്ടുവരുന്നത് അറിയാമായിരുന്നു.
സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു പുറത്തെത്തിച്ചത്. പിന്നീട് സ്വകാര്യ ഹോട്ടലില്‍വച്ച് സ്വര്‍ണം പുറത്തെടുക്കുകയും കാറില്‍ നാദാപുരത്തേക്ക് തിരിക്കുകയുമായിരുന്നു.
ഇത് കൃത്യമായി അറിയാവുന്ന സംഘമാണ് കോഴിക്കോട് പൂളാടിക്കുന്നില്‍ വച്ച് ഓപ്പറേഷന് പ്ലാന്‍ ചെയ്തത്. നാദാപുരം സ്വദേശിക്ക് എത്തിക്കാന്‍ കൊണ്ടുവന്ന സ്വര്‍ണമാണിതെന്നാണ് സൂചന.
മാസങ്ങള്‍ക്ക് മുന്‍പ് കരിപ്പൂരിലേക്ക് വിദേശത്തുനിന്നും എത്തിയ സ്വര്‍ണം പൊക്കാന്‍ എത്തിയ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ മരിച്ച സംഭവവും ഉണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. ഇതിനിടയിലാണ് ഇന്നലെയുണ്ടായ സംഭവം.