തിരുവനന്തപുരം: മംഗലപുരം പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് നൂറ് പവനോളം സ്വർണം തട്ടിയെടുത്ത കേസിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി.
ആക്രമണത്തിനു പിന്നിൽ ക്വട്ടേഷൻ സംഘമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അക്രമിസംഘം എത്തിയ വാഹനം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. വാഹനത്തിന്റെ നന്പർ വ്യാജമാണോയെന്ന് പരിശോധിക്കുകയാണ്.
നേരത്തെ തൃശൂരിലും തമിഴ്നാട്ടിലും സമാനമായ രീതിയിൽ ആക്രമണം നടത്തി സ്വർണം കവർച്ച നടത്തുന്ന സംഭവങ്ങളിലെ പ്രതികളെയും സംശയിക്കുന്നുണ്ട ്. ക്വട്ടേഷൻ സംഘങ്ങൾക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന സംശയവും പോലീസിനുണ്ട്.
ഇന്നലെ രാത്രി എട്ടരയോടെയാണ് പള്ളിപ്പുറം കുറക്കോടിന് സമീപം ടെക്നോസിറ്റി ഭാഗത്ത് വച്ച് ജ്വല്ലറി ഉടമയായ മഹാരാഷ്ട്ര സ്വദേശി സന്പത്ത് (47) നെ ആക്രമിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുത്തത്.
ആറ്റിങ്ങലിലെ ഒരു ജ്വല്ലറിയിലേക്ക് കൊണ്ട്പോയ സ്വർണാഭരണങ്ങളാണ് അക്രമി സംഘം തട്ടിയെടുത്തത്.
സന്പത്തും ഡ്രൈവർ അരുണും ബന്ധു ലക്ഷ്മണയും സഞ്ചരിച്ച കാർ തടഞ്ഞ് രണ്ട് കാറുകളിലായെത്തിയ പന്ത്രണ്ടിലധികം വരുന്ന അക്രമി സംഘം ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ജ്വല്ലറി ഉടമ പോലീസിൽ നൽകിയ മൊഴി.
കാറിന്റെ ഗ്ലാസ് വെട്ടിപ്പൊളിച്ച് മുഖത്ത് മുളക് പൊടി വിതറിയശേഷം സ്വർണം തട്ടിയെടുക്കുകയായിരുന്നു.
ഡ്രൈവറെയും ബന്ധുവിനെയും അക്രമിസംഘം തട്ടിക്കൊണ്ട്പോയെന്നാണ് ജ്വല്ലറി ഉടമയുടെ മൊഴി. ഡ്രൈവർ അരുണിനെ പിന്നീട് അക്രമി സംഘം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ അരുണും സന്പത്തും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേ സമയം ലക്ഷ്മണയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
രണ്ട് മാസം മുൻപ് തക്കലയ്ക്ക് സമീപം വച്ച് സന്പത്തിന്റെ വാഹനം തടഞ്ഞ് നിർത്തി പോലീസ് വേഷം ധരിച്ചെത്തിയ നാല് പേർ ലക്ഷക്കണക്കിന് രൂപ സന്പത്തിൽ നിന്നും തട്ടിയെടുത്തിരുന്നു.
തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തിൽ കവർച്ചക്ക് ചുക്കാൻ പിടിച്ചത് സന്പത്തുമായി അടുപ്പമുള്ളവരായിരുന്നുവെന്ന് കണ്ടെ ത്തിയിരുന്നു.
ഇന്നലെ നടന്ന സംഭവത്തിന് പിന്നിലും സന്പത്തുമായി അടുപ്പമുള്ളവർ ക്വട്ടേഷൻ സംഘങ്ങൾക്ക് വിവരം നൽകിയിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ട്.
നെയ്യാറ്റിൻകരയിലാണ് സന്പത്തിന്റെ ജ്വല്ലറി. വിവിധ ജ്വല്ലറികളിൽ സ്വർണാഭരണങ്ങൾ നിർമ്മിച്ച് നൽകുന്ന ബിസിനസാണ് ഇദ്ദേഹത്തിനെന്ന് പോലീസ് പറഞ്ഞു.
പ്രതികൾ സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും സമാന കുറ്റ കൃത്യങ്ങൾ ചെയ്തിട്ടുള്ളവരെയും കേന്ദ്രീകരിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്.
തിരുവനന്തപുരം റൂറൽ എസ്പി. പി.കെ. മധുവിന്റെ നിർദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി. ഹരി. മംഗലപുരം സിഐ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.