സ്വന്തം ലേഖകന്‍
കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പിടികൂടിയ കോഴിക്കോട് തിരുവമ്പാടി സ്വദേശി മുഹമ്മദ് മന്‍സൂറിന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അന്വേഷിച്ച കേസിലും പങ്കുണ്ടെന്ന് സൂചന.
2018 -ല്‍ കോഴിക്കോട് ഡിആര്‍ഐ രജിസ്റ്റര്‍ ചെയ്ത 177 കോടി രൂപ വിലയുള്ള 590 കിലോഗ്രാം സ്വര്‍ണം കടത്തിയ കേസിലാണ് മുഹമ്മദ് മന്‍സൂറിന് പങ്കുള്ളതായി വിവരം ലഭിച്ചത്.
എന്‍ഐഎ പിടികൂടിയ പ്രതിയെ കുറിച്ച് കസ്റ്റംസും ഡിആര്‍ഐയും വിശദമായി പരിശോധിച്ചുവരികയാണ്. കള്ളക്കടത്ത് സ്വര്‍ണം ഉരുക്കി ആകൃതി മാറ്റി ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കുള്ളില്‍ ഒളിപ്പിക്കുന്നതില്‍ മന്‍സൂര്‍ വിദഗ്ധനാണ്.
ഇതേത്തുടര്‍ന്നാണ് 2018 ലെ ശതകോടിയുടെ സ്വര്‍ണക്കടത്ത് കേസിലും ഇയാള്‍ക്ക് പങ്കുള്ളതായി ഡിആര്‍ഐ സംശയിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ചില തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
2018 ഓഗസ്റ്റില്‍ കൊടുവള്ളി നീലേശ്വരം നൂഞ്ഞിക്കര നസീം, സഹോദരന് തഹീം എന്നിവരുടെ വീട്ടില്‍നിന്ന് സ്വര്‍ണം ശുദ്ധീകരിക്കുന്ന അഞ്ച് ഫര്‍ണസും 570 കിലോഗ്രാം സ്വര്‍ണം ശുദ്ധീകരിച്ചു നല്‍കിയതിന്റെ രേഖകളും മൊബൈല്‍ വിശദാംശങ്ങളും ഡിആര്‍ഐ പിടിച്ചെടുത്തതോടെയാണ് 177 കോടിയുടെ സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ വെളിച്ചത്തായത്.
സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച ഉള്‍വസ്ത്രങ്ങള്‍, രണ്ടര ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതം എന്നിവയും ഇവിടെനിന്നു ലഭിച്ചിരുന്നു. ഇതിനു പുറമെ 20 കിലോ സ്വര്‍ണം കള്ളക്കടത്തു നടത്തിയെന്ന് തഹീമും നസീമും മൊഴി നല്‍കുകയും ചെയ്തു.
ബന്ധുവായ മാനിപുരം സ്വദേശി യു.വി.ഷാഫി, വാവാട് സ്വദേശി ടി.കെ.സൂഫിയാന് എന്നിവരെയും കാരിയറായ നരിക്കുനി സ്വദേശി ഇഹ്ലാസിനെയും കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഡിആര്‍ഐ അറസ്റ്റ് ചെയ്തു.
ജാമ്യത്തിലിറങ്ങിയ സൂഫിയാന് കോഫെപോസെ ഉത്തരവ് പുറപ്പെടുവിച്ചതറിഞ്ഞ് നാട്ടില്‍ നിന്ന് മുങ്ങി. പിന്നീട് കഴിഞ്ഞ വര്‍ഷം നേപ്പാള്‍ വഴി നാട്ടിലെത്തി. തുടര്‍ന്ന് സൂഫിയാനെ ഡിആര്‍ഐ പിടികൂടിയിരുന്നു.
ദുബായ്, ഷാര്‍ജ, ബഹ്റൈന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍നിന്നു കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, ലക്നൗ, അഹമ്മദാബാദ്, മുംബൈ വിമാനത്താവളങ്ങള്‍ വഴിയാണു സ്വര്‍ണം കടത്തിയതെന്നും കാരിയറായി സ്ത്രീകളെയും ഉപയോഗിച്ചതായും ഡിആര്‍ഐ കണ്ടെത്തിയിരുന്നു.
സ്വര്‍ണം പൊടിയാക്കി രാസവസ്തുക്കളുമായി കലര്‍ത്തിയശേഷം ഉള്‍വസ്ത്രങ്ങളില്‍ ഒളിപ്പിച്ചാണു കടത്തിയിരുന്നത്.