കടുത്തുരുത്തി: ഒരുകാലമത്രയും ആളുകളുടെ ദാഹമകറ്റി ഒരു യുഗം തന്നെ സൃഷ്ടിച്ച വട്ടു സോഡ നാടൊഴിഞ്ഞു. വട്ടുസോഡയുടെ കച്ചവടം പുതുതലമുറയ്ക്കു തീർത്തും അപരിചിതമായി. എന്നാൽ ഈ തൊഴിലിനോടുള്ള ഇഷ്ടത്താൽ നഷ്ടം സഹിച്ചും ഉപജീവന മാർഗമായ വട്ടു സോഡ നിർമാണം നടത്തുന്നവരും ചിലയിടങ്ങളിലുണ്ട്. മോരുംവെള്ളം, നാരങ്ങാവെള്ളം എന്നിവയ്ക്കൊപ്പം കടകളിൽ രാജാവായി വിലസിയിരുന്ന വട്ടു സോഡാ കച്ചവടത്തിന്റെ പ്രതാപകാലം അസ്തമിച്ചു തുടങ്ങിയിട്ട് കാലം കുറേയായി.
മുകൾഭാഗം ശംഖ് പോലെ പിരിഞ്ഞിരിക്കുന്ന കട്ടിയുള്ള പച്ച നിറമുള്ള കുപ്പിയിലായിരുന്നു സോഡ നിറച്ചിരുന്നത്. ഓരോ കുപ്പിയിലും പെയിന്റുകൾ ഉപയോഗിച്ച് അടയാളപ്പെടുത്തിയാണ് വിവിധ നിർമാണ യൂണിറ്റുകളുടെ കുപ്പികൾ തിരിച്ചറിഞ്ഞിരുന്നത്.
മുന്പ് സജീവമായി ഈ മേഖലയിൽ പ്രവർത്തിച്ചിരുന്ന പലരും കുപ്പികളും ഉപകരണങ്ങളും വിറ്റ് കളമൊഴിഞ്ഞു. ദിവസം രണ്ടായിരത്തോളം വട്ടുസോഡകൾ വിൽപന നടത്തിയിരുന്നവരാണ് പലരും. ഒരാൾ തന്നെ പല മേഖലകളിലായി ഒന്നിലധികം യൂണിറ്റുകളും നടത്തിയിരുന്നു.
ജർമനി, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ആയിരുന്നു ആദ്യകാലത്ത് വട്ടുസോഡ കുപ്പികൾ എത്തിയിരുന്നത്. ഉത്പാദന ചെലവ് കുറവും ഒപ്പം മികച്ച ലാഭവും കിട്ടിയിരുന്നുവെങ്കിലും കോർക്കു സോഡയുടെ കടന്നു കയറ്റവും വട്ടുസോഡ നിർമാണ മേഖലയെ പിന്നോട്ടടിച്ചു. പ്രതാപകാലത്തിന്റെ ഓർമകളും പേറി ഇപ്പോഴും ചില കടകളിൽ വട്ടുസോഡകൾ നിരന്നിരിക്കുന്നത് പുതുതലമുറക്ക് കൗതുക കാഴ്ചയാണ്.