കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികളില്‍ ഒരാളായ സ്വപ്നയുടെ ലോക്കറില്നിന്നുള്പ്പെടെ ഇതുവരെ കണ്ടെത്തിയതു രണ്ടു കോടിയിലേറെ രൂപയുടെ പണം.
സ്വപ്നയുടെ ബാഗില്‍നിന്ന് 51 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപ റെസിപ്റ്റും 8,034 യുഎസ് ഡോളറും 701 ഒമാൻ റിയാലും കണ്ടെടുത്തതായാണു അധികൃതര്‍ വ്യക്തമാക്കുന്നത്.
കോടതിയിലാണു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. കേസിലെ പ്രതികളായ സ്വപ്ന സുരേഷും മറ്റും സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവേയാണു എന്‍ഐഎ ഇത്തരം വിവരങ്ങള്‍ അറിയിച്ചത്.
ഒരാള്‍ ഒരു തവണ സ്വര്‍ണം കടത്തുന്നത് പോലെയല്ല തുടര്‍ച്ചയായ സ്വര്‍ണക്കടത്തെന്നായിരുന്നു അഡീ. സോളിസിറ്റര്‍ ജനറല്‍ അറിയിച്ചിട്ടുള്ളത്.
നയതന്ത്ര ചാനല്‍ ഉപയോഗിച്ചു പ്രതികള്‍ കോവിഡിന്റെ മറവില്‍ സ്വര്‍ണം കൂടുതല്‍ എത്തിക്കാന്‍ നോക്കിയെന്നും വലിയ അളവില്‍ രാജ്യത്തേക്കു സ്വര്‍ണം കടത്തിയെന്നും എന്‍ഐഎ വ്യക്തമാക്കി. 20 തവണയായി 200 കിലോഗ്രാം സ്വര്‍ണമാണു പ്രതികള്‍ കടത്തിയതെന്നും അന്വേഷണം സംഘം കോടതിയില്‍ ബോധിപ്പിച്ചു.
സ്വര്‍ണം കടത്തുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുകയാണെന്നും നികുതി വെട്ടിപ്പു മാത്രമല്ലെന്നും രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഭീകര വാദത്തിന്റെ പരിധിയില്‍ വരുമെന്നും എന്‍ഐഎ വ്യക്തമാക്കി.
സ്വപ്നയ്ക്കും സരിത്തിനും ഉന്നതരുമായി ബന്ധമുണ്ടെന്നും കേസിലെ പ്രധാന കണ്ണികളെ ഇനിയും പിടികൂടാനുണ്ടെന്നും എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചു. സ്വര്‍ണം വിമാനത്താവളത്തിലെത്തുമ്പോള്‍ റമീസ് തിരുവനന്തപുരത്തുണ്ടായിരുന്നുവെന്നു എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചു.
അതിനിടെ, ഫൈസലിന് പുറമേ യുഎഇയില്‍ കൂടുതല്‍ പേര് സ്വര്‍ണക്കടത്തില്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് എന്‍ഐഎ അറിയിച്ചു. അറസ്റ്റിലായ പ്രതികളുടെ ഭീകരവാദ ബന്ധം സംബന്ധിച്ചു കാര്യങ്ങള്‍ കേസ് ഡയറിയിലുണ്ടെന്നും പരിശോധിക്കണമെന്നും എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസ് ഡയറി ഹാജരാക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നു എന്‍ഐഎ ഇന്നലെ കോടതിയില്‍ കേസ് ഡയറി ഹാജരാക്കി. അതിനിടെ, ഇന്നലെ കസ്റ്റഡിയില്‍ ലഭിച്ച രണ്ടു പ്രതികളെ അധികൃതര്‍ ഇന്നു വിശദമായി ചോദ്യം ചെയ്യുമെന്നാണു വിവരം.
മലപ്പുറം സ്വദേശി ഷറഫുദ്ദീന് (38), പാലക്കാട് സ്വദേശി ഷഫീക്ക് (31) എന്നിവരാണു കഴിഞ്ഞ ദിവസം പിടിയിലായത്. മറ്റ് പ്രതികളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇന്നലെ എറണാകുളം എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ഇവരെ അന്വേഷണസംഘത്തിന്റെ ആവശ്യപ്രകാരം ചോദ്യം ചെയ്യലിനായി നാല് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു നല്‍കുകയായിരുന്നു.
ഇതോടെ കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തവരുടെ എണ്ണം 12 ആയി. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നുതന്നെയാണു പുറത്തുവരുന്ന വിവരങ്ങള്‍.