സ്വന്തം ലേഖകൻ
തലശേരി: ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന പാനൂർ ഭാസ്കര ജ്വല്ലറി ഉടമ ഷബിൻ സഞ്ചരിച്ചിരുന്ന കാറിനു മുന്പിൽ വ്യാജ വാഹനാപകടം സൃഷ്ടിച്ച് രണ്ടരലക്ഷം രൂപ കവര്‍ന്ന കേസിൽ കൊള്ളസംഘം ഉപയോഗിച്ച രണ്ട് കാറുകളും വാടകക്കെടുത്തതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
അന്തർ സംസ്ഥാന ശൃംഖലയുള്ള ഈ സംഘം ഇതിനു മുമ്പും സമാന രീതിയിലുള്ള ഓപ്പറേഷനുകൾ നടത്തിയിട്ടുള്ളതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും വാഹനങ്ങൾ വാടകയ്ക്കെടുത്ത് ഓപ്പറേഷൻ നടത്തിയ ശേഷം വാഹനം തിരിച്ചു നൽകുകയാണ് സംഘം ചെയ്തു വന്നത്.
കർണാടകയിലേക്ക് ഉല്ലാസ യാത്ര പോകുന്ന സംഘങ്ങളും ഹണിമൂൺ ട്രിപ്പിന് പോകുന്ന നവദമ്പതികളും വ്യാപാര ആവശ്യത്തിന് പോകുന്നവരുമാണ് ഇത്തരം സംഘങ്ങളുടെ ഇരകൾ.
നിലവിൽ റിമാൻഡിലുള്ള പ്രതികളുടെ ഫോൺകോൾ രേഖകൾ പരിശോധിച്ചതിൽ നിന്നും കൂടുതൽ വിലപ്പെട്ട തെളിവുകൾ പോലീസിനു ലഭിച്ചതായിട്ടാണ് അറിയുന്നത്.
കർണാടകയിലേക്ക് പോകുന്നവരെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ അക്രമി സംഘത്തിന് കൈമാറുന്ന ഒന്നിൽ കൂടുതൽ സംഘങ്ങൾ വിവിധ പ്രദേശങ്ങളിൽ ഉള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അക്രമികളുടെ കൈകളിൽപെട്ട സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട നവദമ്പതികളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.
ഇന്നലെ തലശേരിയിലെത്തിയ ഗോണിക്കുപ്പ എഎസ്ഐ സുബ്രഹ്മണ്യ വീക്ഷയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് അക്രമിസംഘം ഉപയോഗിച്ച കാറുകൾ വാടകക്ക് എടുത്തതാണെന്ന് വ്യക്തമായത്.
വടകര ജോയിന്റ് ആർടിഒ ഓഫീസിൽ രജിസ്റ്റർ ചെയ്ത ഒരു വാഹനം വളയം സ്വദേശിനിയുടേതാണെന്ന് വ്യക്തമായിട്ടുണ്ട്.
തിരൂരിൽ രജിസ്റ്റർ ചെയ്ത മറ്റൊരു വാഹനം ഇപ്പോൾ സുൽത്താൻ ബത്തേരിയിലേക്ക് ട്രാൻസ്ഫർ ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾക്കായി കർണാടക പോലീസ് ഇന്ന് രാവിലെ സുൽത്താൻ ബത്തേരിയിൽ എത്തിയിട്ടുണ്ട്.
ഷബിന്റേയും സുഹൃത്തുക്കളുടേയും യാത്ര സംബന്ധിച്ച വിവരങ്ങൾ അക്രമിസംഘത്തിന് ചോർത്തി കൊടുത്ത പാനൂരിലെ ഹോട്ടൽ ജീവനക്കാരനെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
ഇയാൾക്കെതിരേയുള്ള തെളിവുകൾ ശേഖരിച്ചു വരികയാണെന്നും വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും കർണാടക പോലീസ് അറിയിച്ചു.
സംഭവത്തിൽ തലശേരി തിരുവങ്ങാട് കുട്ടിമാക്കൂല്‍ സ്വദേശികളായ ശ്രീചന്ദ് (27), ഷെറിൻ ലാൽ (30), അര്ജുന് (32), തിരുവങ്ങാട് സ്വദേശി ലനേഷ് (40), ചമ്പാട് സ്വദേശി അക്ഷയ് (27),
മാനന്തവാടി തയ്യങ്ങാടി സ്വദേശികളായ ജംഷീര്‍ (29), ജിജോ (31), പന്യന്നൂര്‍ സ്വദേശി ആകാശ് (27) എന്നിവർ അറസ്റ്റിലായിരുന്നു. ഇവരെ കൂടുതൽ അന്വഷണങ്ങൾക്കായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.