കൊച്ചി: 50,000 രൂപയിൽ കൂടുതൽ തുകയ്ക്കു സ്വർണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയവ വാങ്ങുന്നവർ ഇനി മുതൽ സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ ഹാജരാക്കണം. പാൻകാർഡ് അടക്കമുള്ള ഏതു തിരിച്ചറിയൽ രേഖയും ആകാം. എന്നാൽ, രണ്ടു ലക്ഷത്തിൽ കൂടുതൽ തുകയ്ക്കു വാങ്ങുകയാണെങ്കിൽ പാൻകാർഡ് നിർബന്ധമാണ്. കഴിഞ്ഞ മാസം അവസാനം കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഈ പുതിയ നിർദേശം.
പണം വെളുപ്പിക്കൽ നിയമത്തിന്റെ ചട്ടം ഒൻപത്(ഒന്ന്)(ബി) അനുസരിച്ച് 50,000 രൂപയ്ക്കു മുകളിലുള്ള വ്യാപാരത്തിനു കൃത്യമായ മേൽവിലാസം ശേഖരിക്കണം. ശേഖരിക്കുന്ന വ്യക്തിവിവരങ്ങളും മറ്റും ബില്ലിനൊപ്പം സൂക്ഷിക്കണം. ഇവ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കായി പിന്നീടു കൈമാറേണ്ടിവരും.
ഇത്തരം രേഖകൾ വാങ്ങിക്കൊണ്ടാണ് ഇപ്പോൾ സ്വർണം ഉൾപ്പെടെ വിലപിടിപ്പുള്ള ലോഹങ്ങളുടെ വ്യാപാരം സംബന്ധിച്ച രേഖകളുടെ പരിശോധനയ്ക്കായി ചരക്കുസേവന നികുതി ഡയറക്ടറേറ്റ് ജനറലി (ഇന്റലിജൻസ്)ന്റെ ഓഫീസിനെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കുന്നതു തടയാനുള്ള നിയമത്തിന്റെ പരിധിയിൽ സ്വർണം, വെള്ളി ഉൾപ്പെടെയുള്ള ലോഹങ്ങളുടെ വ്യാപാരവും ഉൾപ്പെടുത്തുന്ന തരത്തിൽ ചട്ടത്തിൽ ഭേദഗതിയും കേന്ദ്രസർക്കാർ വരുത്തിയിട്ടുണ്ട്. പ്രതിവർഷം രണ്ടു കോടി രൂപ വിറ്റുവരവുള്ള വ്യാപാര സ്ഥാപനങ്ങളാണ് ഈ നിയമത്തിന്റെ പരിധിയിൽ വരുന്നത്. നിലവിലെ സ്വർണവില വച്ചു കണക്കുകൂട്ടിയാൽ ദിവസേന 20 ഗ്രാം സ്വർണം വ്യാപാരം നടത്തുന്നവർപോലും ഈ പരിധിയിൽ വരും.
നിർദേശങ്ങളിൽ അവ്യക്തതയെന്നു വ്യാപാരികൾ
കൊച്ചി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരേ സ്വർണ വ്യാപാരികൾ. ഒട്ടേറെ അവ്യക്തതകൾ പുതിയ നിർദേശങ്ങളിലുണ്ടെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. സ്വർണ വ്യാപാര മേഖലയെ പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിൽനിന്നു കേന്ദ്രസർക്കാർ പിന്തിരിയണമെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ(എകെജിഎസ്എംഎ) സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി സുരേന്ദ്രൻ കൊടുവള്ളി, ട്രഷറർ എസ്.അബ്ദുൾ നാസർ എന്നിവർ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
വ്യാപാരത്തെ ബാങ്കിംഗ് മേഖല പോലെയാക്കുന്നതു സന്പദ്ഘടനയ്ക്ക് ഏറെ ദോഷമുണ്ടാക്കും. 50,000 രൂപയ്ക്കു മുകളിൽ സ്വർണം വാങ്ങുന്നവർ പാൻകാർഡ് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണമെന്ന വ്യവസ്ഥ ദുഷ്കരമാണ്.സാധാരണ നാട്ടിൻപുറങ്ങളിൽ വിവാഹത്തിനു രണ്ടു പവൻ ആഭരണം സമ്മാനമായി നൽകുന്നതു തടയപ്പെടുന്ന സാഹചര്യമാണിതുമൂലം ഉണ്ടാകുന്നത്.
ജിഎസ്ടി നൽകി സ്വർണാഭരണങ്ങൾ വാങ്ങാൻ കൂടുതൽ ഉപഭോക്താക്കൾ തയാറായി വരുന്ന സാഹചര്യത്തിൽ അതിനെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള നടപടി സ്വീകരിക്കരുത്. രാജ്യത്ത് 25 ശതമാനം ജനങ്ങൾക്കു മാത്രമാണു പാൻകാർഡുള്ളത്. ജിഎസ്ടിയുടെ മറവിൽ വ്യാപാരികളെ കുരുക്കിലാക്കുന്നത് ഈ മേഖലയെ രക്ഷിക്കാനല്ലെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.