കൊച്ചി: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതി മുഹമ്മദ് മൻസൂറിനെ 28 വരെ കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തു.
ദുബായ് കേന്ദ്രീകരിച്ച് നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്താന്‍ ഫൈസല്‍ ഫരീദിനെ സഹായിച്ചവരില്‍ പ്രധാനിയാണ് മുഹമ്മദ് മൻസൂർ എന്നാണ് ആരോപണം.
എന്‍ഐഎയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നു കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുടർന്നാണ് റിമാന്‍ഡ് ചെയ്തത്.
കേസില്‍ 35 ാം പ്രതിയാണ് മുഹമ്മദ് മൻസൂർ. കസ്റ്റഡി കാലാവധിയില്‍ ചോദ്യം ചെയ്ത പ്രതിയില്‍നിന്ന് ഏതാനും നിര്‍ണായക വിവരങ്ങള്‍ അധികൃതര്‍ക്കു ലഭിച്ചതായാണു സൂചന.
എന്‍ഐഎ കോടതി ഇയാള്‍ക്കായി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. യുഎഇയില്‍നിന്നു കേരളത്തിലേക്കു നയതന്ത്ര ബാഗില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയെ മന്‍സൂര്‍ സഹായിച്ചിരുന്നുവെന്ന് എന്‍ഐഎ വ്യക്തമാക്കി.
സ്വര്‍ണക്കടത്തിലെ സാക്ഷി നല്കിയ വിവരങ്ങളില്‍നിന്നാണ് മന്‍സൂറിന്റെ പങ്ക് വ്യക്തമായത്. ഒരുവര്‍ഷമായി മന്‍സൂര്‍ ദുബായിലായിരുന്നു.