സ്വർണമാണെന്ന് കരുതി വർഷങ്ങളോളം സൂക്ഷിച്ചത് കോടി കണക്കിന് വർഷങ്ങൾ പഴക്കമുള്ള അപൂർവ ഉൽക്കാശില. മെൽബണിന് സമീപമുള്ള മേരിബറോ റീജിയണൽ പാർക്കിൽ നിന്നും 2015ൽ ഡേവിഡ് ഹോൾ എന്നയാൾക്കാണ് ഏറെ വിശിഷ്ടമായ ഈ കല്ല് ലഭിച്ചത്. മഞ്ഞ നിറത്തിലുള്ള കളിമണ്ണിനോട് ചേർന്ന് കിടന്ന ഈ കല്ലിനുള്ളിൽ സ്വർണക്കട്ടിയുണ്ടാകുമെന്ന് അദ്ദേഹം കരുതി.
സ്വർണശേഖരത്തിന് ഏറെ പ്രശസ്തിയുള്ള സ്ഥലമായിരുന്നു ഇത്. വീട്ടിൽ കൊണ്ട് വന്ന് ഗ്രൈൻഡർ, ഗ്രില്ല്, ഇരുമ്പ് ചുറ്റിക തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് കല്ല് പൊട്ടിക്കുവാൻ അദ്ദേഹം പരിശ്രമിച്ചുവെങ്കിലും പരാജയമായിരുന്നു ഫലം. പിന്നീട് ആസിഡിൽ മുക്കിവച്ചു. എന്നാൽ അദ്ദേഹം വീണ്ടും പരാജയപ്പെട്ടു.
പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് ഇത് ഉൽക്ക ശിലയാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടത്. 17 കിലോ ഭാരമുണ്ട് ഈ ശിലയ്ക്ക്. വലിയ തോതിൽ ഇരുമ്പിന്റെ അംശം അടങ്ങിയിരിക്കുന്ന ശിലയുടെ കുറച്ചു ഭാഗമെങ്കിലും പൊട്ടിക്കുവാൻ സാധിച്ചത് ഡയമണ്ട് ഉപയോഗിച്ചാണ്.
ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ നിന്നും കണ്ടെത്തിയ 17 അപൂർവയിനം ഉൽക്കകളിൽ ഒന്നാണ് ഇത്. കാർബണ്‍ ഡേറ്റിംഗ് അനുസരിച്ച് ഇത് ഭൂമിയിൽ വീണിട്ട് 100 മുതൽ ആയിരം വർഷം വരെയാകാമെന്നാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്.