സ്വന്തം ലേഖകൻ
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് ഉൾപ്പെടെ 20 പ്രതികള്‍ക്കെതിരേ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു.
പി.എസ്. സരിത്, സ്വപ്ന സുരേഷ്, കെ.ടി. റമീസ്, എ.എം. ജലാല്‍, പി. മുഹമ്മദ് ഷാഫി, ഇ. സെയ്തലവി, പി.ടി. അബ്ദു, റബിന്‍സ് ഹമീദ്, മുഹമ്മദലി ഇബ്രാഹിം, മുഹമ്മദലി, കെ.ടി. ഷറഫുദ്ദീന്, എ. മുഹമ്മദ് ഷഫീഖ്, ഹംസത് അബ്ദുള്‍ സലാം, ടി.എം. ഷംജു, ഹംജദ് അലി, സി.വി. ജിഫ്സല്, പി. അബൂബക്കര്‍, വി.കെ. മുഹമ്മദ് അബ്ദു ഷമീം, അബ്ദുല്‍ ഹമീദ്, ഷംസുദ്ദീന് എന്നിവർക്കെതിരേയാണ് എന്‍ഐഎ കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
സ്വര്‍ണക്കടത്ത് കേസിലെ ആദ്യ അറസ്റ്റ് നടന്ന് ആറു മാസം തികയുന്നതിനു മുന്‍പാണ് എന്‍ഐഎ ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികള്‍ക്കെതിരേ യുഎപിഎ 16,17,18, 20 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
നേരത്തെ മാപ്പുസാക്ഷിയാക്കാന്‍ രഹസ്യമൊഴി രേഖപ്പെടുത്തിയ സന്ദീപ് നായരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2019 നവംബര്‍ മുതല്‍ 2020 ജൂണ്‍ വരെയുള്ള കാലയളവിൽ 167 കിലോഗ്രാം സ്വര്‍ണം കടത്തിയെന്നാണ് കേസ്.
യുഎഇക്കു പുറമെ മറ്റു രാജ്യങ്ങളില്‍നിന്നും സ്വര്‍ണം കടത്താന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നു. കേസിലെ എട്ടു പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം നടക്കുകയാണെന്നും എന്‍ഐഎ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
കുറ്റപത്രം നല്‍കിയെങ്കിലും കോടതി ഫയലില്‍ സ്വീകരിക്കാത്തതിനാല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. 2020 ജൂലൈ അഞ്ചിന് 14.82 കോടിയുടെ സ്വര്‍ണം പിടികൂടിയതോടെയാണ് വന്‍ തട്ടിപ്പിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്.
യുഎഇയുടെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയതിലൂടെ ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന കുറ്റങ്ങളാണ് പ്രതികള്‍ ചെയ്തതെന്ന് എന്‍ഐഎ ആരോപിച്ചു.
സ്വര്‍ണം കടത്തുന്നതിനും വിറ്റഴിക്കുന്നതിനും പ്രതികള്‍ ഗൂഢാലോചന നടത്തിയിട്ടുണ്ട്. 167 കിലോഗ്രാം സ്വര്‍ണം കടത്തുന്നതിനു 2019 ജൂണ്‍ മുതല്‍ 2020 ജൂണ്‍ വരെയുള്ള കാലയളവില്‍ സ്വര്‍ണം കടത്തുന്നതിനു പണം കണ്ടെത്തുന്നതിനായി പ്രതികള്‍ ഗൂഢാലോചന നടത്തിയതിനു തെളിവുകള്‍ കണ്ടെത്തി.
സൗദി അറേബ്യ, ബഹ്റിൻ, മലേഷ്യ എന്നീ രാജ്യങ്ങളില്‍നിന്നു സ്വര്‍ണം കടത്തുന്നതിനു കേസിലെ പ്രധാന പ്രതികള്‍ ഗൂഢാലോചന നടത്തിയിട്ടുണ്ട്.
മാപ്പുസാക്ഷിയാക്കാനുള്ള സന്ദീപ് നായര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ കസ്റ്റഡിയിലായതിനാല്‍ കേസിന്റെ വിചാരണ ഉടനെ ആരംഭിച്ചേക്കും.