ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പശുക്കളുടെയും മറ്റ് കന്നുകാലികളുടെയും സമയം തെളിഞ്ഞെന്നും അതേസമയം, രാജ്യത്തെ നങ്ങളുടെ അവസ്ഥ വളരെയധികം കഷ്ടതയിലായെന്നും ബിജെപിയെ അനുകൂലിക്കുന്നവര്‍ വരെ പറഞ്ഞുതുടങ്ങി. ബിജെപിയുടെ ഗോമാതാ സ്‌നേഹം ആളുകള്‍ സംശയദൃഷ്ടിയോടെ നോക്കികാണുന്ന അവസ്ഥ വരെയെത്തി കാര്യങ്ങള്‍. എന്നാല്‍ രാജ്യം മുഴുവനുമുള്ള ജനങ്ങള്‍ വിമര്‍ശിക്കുന്നത്, തങ്ങളെയല്ല എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. കൂടാതെ മനുഷ്യരുടെ കാര്യം അവഗണിച്ചുകൊണ്ടുതന്നെ പശു സംരക്ഷണത്തിനുള്ള പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ് കേന്ദ്ര സര്‍ക്കാര്‍.
സെല്‍ഫി വിത്ത് ഗോമാത എന്ന പുതിയ പദ്ധതിയുമായാണ് ആര്‍എസ്എസ് പിന്തുണയുള്ള ഗോസേവ പരിവാര്‍ രംഗത്തെത്തിയിരിക്കുന്നത്. പശുവിന്റെ ഗുണഗണങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് പുതിയ മൊബൈല്‍ ആപ്പ് ഇറക്കുന്നത്. ഇവര്‍ സംഘടിപ്പിക്കുന്ന ‘സെല്‍ഫി വിത്ത് ഗോമാത’ മത്സരത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനും മത്സരാര്‍ഥികളുടെ സൗകര്യത്തിനുമായാണ് പുതിയ ആപ്പ് ഇറക്കിയതെന്ന് ഗോസേവ പരിവാര്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. 2015ല്‍ ‘സെല്‍ഫി വിത്ത് ഗോമാത’ മത്സരം നടത്തുന്നതിനായി എന്‍ട്രികള്‍ ക്ഷണിച്ചപ്പോള്‍ വാട്സ് ആപ്പിലൂടെ അയക്കുന്നതിന് മത്സരാര്‍ഥികള്‍ക്കും സംഘാടകര്‍ക്കും ചില ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു.
പുതിയ ആപ്പ് എന്‍ട്രികള്‍ അയക്കുന്നതും തെരഞ്ഞെടുക്കുന്നതും എളുപ്പത്തിലാക്കിയെന്ന് ഗോസേവ പരിവാര്‍ നേതാവ് ലളിത് അഗര്‍വാള്‍ പറഞ്ഞു. ഈ ആപ്പിലൂടെ ഗോമാതാവിനെക്കുറിച്ചുള്ള ഗുണങ്ങള്‍ പ്രചരിപ്പിക്കാനും പദ്ധതിയുണ്ട്. പശുവിനെ പരിചരിക്കുന്നത് മനുഷ്യരാശിയെ മുഴുവന്‍ പരിചരിക്കുന്നതിന് തുല്യമാണെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും ഇവര്‍ പറഞ്ഞു. മത്സരവുമായി നേരിട്ട് ബന്ധമില്ലെങ്കിലും തങ്ങള്‍ ഈ ആശയത്തിന് പിന്തുണ നല്‍കുന്നുണ്ടെന്ന് ആര്‍എസ്എസ് നേതാക്കളും അറിയിച്ചു കഴിഞ്ഞു.