തിരുവനന്തപുരം: ഭാര്യയെ മേശയുടെ കാൽ കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്കു ജീവപര്യന്തം തടവ്. ഭാര്യ ഗോമതിഅമ്മ (58)യെ കൊലപ്പെടുത്തിയ പേരൂർക്കട മണ്ണാമൂല രേവതിയിൽ ബാലകൃഷ്ണൻ നായരെയാണ് ശിക്ഷിച്ചത്. തിരുവനന്തപുരം അഡീഷണൽ ജില്ലാ കോടതി ജഡ്ജി സി.ജെ. ഡെന്നിയുടെയാണ് വിധി.
2018 ഫെബ്രുവരി 15 നാണു സംഭവം.വീട്ടിലെ ഉരുളി കാണാതായതിനെ സംബന്ധിച്ചുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം പ്രതി ആയുധവും രക്തം അടങ്ങിയ വസ്ത്രങ്ങളും വീട്ടുവളപ്പിൽ കുഴിച്ചിട്ട ശേഷം വീടു പൂട്ടി പോയി.
പ്രതി വർക്കലയിലുള്ള തന്റെ സഹോദരിയുടെ വീട്ടിൽ ചെന്നു സംഭവം പറഞ്ഞതിനെ തുടർന്ന് മകനെ വിവരമറിയിക്കുകയായിരുന്നു. ഇവർ വീട്ടിലെത്തിയ പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ഗോമതി അമ്മയെ കണ്ടത്.
ഗോമതി അമ്മയെ ഭർത്താവിനു സംശയമായിരുന്നു എന്ന് അയൽവാസി മൊഴി നൽകിയിരുന്നു. പ്രതിയുടെ ഉപദ്രവം കാരണം മക്കളോടൊപ്പം താമസിച്ചിരുന്ന ഗോമതി അമ്മയെ പ്രതി കൊലപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെ ഇവർ താമസിക്കുന്ന വീട്ടിൽ തിരികെ കൊണ്ടുവരികയായിരുന്നു എന്നാണു പ്രോസിക്യൂഷൻ പറഞ്ഞു.
പേരൂർക്കട പോലീസ് അന്വേഷിച്ച കേസിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡോ. ഗീനാകുമാരി ഹാജരായി.