അഹമ്മദാബാദ്: ഗുജറാത്തിൽ ഗോമൂത്രം വിൽപ്പന പൊടിപൊടിക്കുകയാണ്. കോവിഡ് 19 പ്രതിരോധത്തിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഗോമൂത്രം ഉത്തമമാണെന്ന വിശ്വാസമാണ് വിൽപ്പന വർധിക്കാൻ കാരണമായിരിക്കുന്നത്. ദിവസം 6,000 ലിറ്ററോളം ഗോമൂത്രം വിറ്റുപോകുന്നുണ്ടെന്ന് രാഷ്ട്രീയ കാമധേനു ആയോഗിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം ഡൽഹിയിൽ അഖില ഭാരത ഹിന്ദു മഹാസഭ ഗോമൂത്ര പാർട്ടി സംഘടിപ്പിച്ചിരുന്നു. ഗോമൂത്രം രോഗപ്രതിരോധത്തിന് ഉത്തമമാണെന്ന പ്രചാരണം നടത്താൻ വേണ്ടിയാണ് പാർട്ടി സംഘടിപ്പിച്ചത്. പാർട്ടിയിൽ പങ്കെടുത്തവർ ഗോമൂത്രം സേവിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നത് നവമാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്തു.
ഗോമൂത്രം സേവിക്കുന്നതിനൊപ്പം അണുനശീകരണത്തിനായി പലരും ബോഡി സ്പ്രേയായും ഉപയോഗിക്കുന്നുണ്ട്. ദഹനപ്രക്രിയയ്ക്ക് ഗോമൂത്രം ഉത്തമമാണെന്നും ബാക്ടീരിയകളെ നശിപ്പിക്കുമെന്നും കൊറോണ വൈറസിനെ ചെറുക്കാൻ ശേഷിയുണ്ടെന്നും രാഷ്ട്രീയ കാമധേനു ആയോഗ് അവകാശപ്പെടുന്നുണ്ട്.
ഗുജറാത്തിൽ 4,000 ഗോശാലകൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ 500 ഓളം ഗോശാലകളിൽ നിന്നാണ് നിലവിൽ ഗോമൂത്രം ശേഖരിച്ച് വിൽപ്പന നടത്തുന്നത്.