കോഴിക്കോട്: സംസഥാനത്തെ ചരക്കുവാഹനങ്ങള്‍ അനിശ്ചിത കാല സമരത്തിലേക്ക്. ഏകദേശം 20 കോടിയോളം ജനങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ജോലി ചെയ്യുന്ന രാജ്യത്തെ ചരക്ക് ഗതാഗത മേഖലയിലെ സാമ്പത്തികപ്രശ്നങ്ങള്‍ക്കും മറ്റും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടലുകള്‍ നടത്തണം.
അല്ലാത്തപക്ഷം ഓഗസ്റ്റ് ആദ്യ വാരം മുതല്‍ ഇന്ത്യയൊട്ടാകെ ചരക്ക് വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തി വയ്ക്കാനും അനിശ്ചിത കാല സമരം തുടങ്ങാനുമാണ് തീരുമാനം.
ഇതിന് മുന്നോടിയായി പ്രതിഷേധ സൂചകമായി 28 ന് രാജ്യമൊട്ടാകെ ചരക്ക് വാഹന മേഖല കരിദിനമായി ആചരിക്കാനും തീരുമാനിച്ചതായി ഓള് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസും (എഐഎംടിസി) ആള് ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് ഗുഡ്സ് ഓണേഴ്സ് അസോസിയേഷനും അറിയിച്ചു.
ഇന്ധനവില കുറയ്ക്കുന്നതിനോ ചരക്ക് വാഹനമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ യാതൊരു താല്പര്യവും കാണിക്കുന്നില്ല.
ചരക്ക് മേഖലയിലെ 85 ശതമാനം വരുന്നവര്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. വായ്പാ തിരിച്ചടവുകള്‍ മുടങ്ങുന്നത് മൂലം ഉയര്‍ന്ന നിരക്കിലുള്ള പിഴ പലിശയും അടക്കേണ്ടതായി വരുന്നുണ്ട്.
വായ്പാ തിരിച്ചടവുകള്‍ മുടങ്ങുന്നത് ബാങ്കുകളില്‍ നിന്നും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും ജപ്തി ഭീഷണിക്കും ഇടയാക്കുന്നുണ്ട്.
നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്ന് ഓള് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസും (എഐഎംടിസി) ആള് ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് ഗുഡ്സ് ഓണേഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടു.
ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുക, ചരക്ക് വാഹന മേഖലക്ക് ആറ് മാസം പിഴ പലിശ കൂടാതെ മൊറട്ടോറിയം അനുവദിക്കുക , ഇ വേബില്‍ കാലാവധി മുമ്പുണ്ടായിരുന്നത് പോലെ 100 കിലോമീറ്ററിന് ഒരു ദിവസം എന്ന രീതിയില്‍ പുനഃസ്ഥാപിക്കുക, ചരക്ക് വാഹനങ്ങള്‍ക്ക് സംസ്ഥാന തലത്തില്‍ ഏകീകൃത വാടക നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുക, ദേശീയ പാതകളിലെയും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെയും ഉദ്യോഗസ്ഥ ചൂഷണങ്ങള്‍ അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കേന്ദ്ര സംസഥാന സര്‍ക്കാരുകള്‍ക്ക് വീണ്ടും നിവേദനം നല്‍കാനാണ് സംഘടനാ ഭാരവാഹികള്‍ തീരുമാനിച്ചത്.