കാക്കനാട്: വാഹനത്തേക്കാൾ നീളമുള്ള സാധനങ്ങൾ കയറ്റിപ്പോകുന്ന വാഹനങ്ങൾക്കെതിരേ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കി. അപകടകരമായ വിധത്തിൽ വാഹനത്തിൽ സാധനങ്ങൾ കയറ്റിയാൽ 1000 രൂപ പിഴ ഈടാക്കും. കയറ്റുന്ന സാധനത്തിന്റെ അപകടാവസ്ഥ അനുസരിച്ച് ഒരു മാസം മുതൽ മൂന്നു മാസം വരെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്യും.
തിരക്കേറിയ റോഡിലൂടെ വാഹനത്തിന്റെ ബോഡി കഴിഞ്ഞു പുറത്തേക്കു നീണ്ടുനിൽക്കുന്ന നിലയിൽ കന്പിയും മെറ്റൽ ഷീറ്റുകളും കയറ്റിപ്പോകുന്നതിനെതിരേ പരാതിയുയർന്ന സാഹചര്യത്തിലാണ് അധികൃതർ നടപടിക്കൊരുങ്ങുന്നത്. കഴിഞ്ഞദിവസം കാക്കനാട് സീപോർട്ട്-എയർപോർട്ട് റോഡിൽ പിക്കപ്പ് വാൻ പെട്ടെന്നു ബ്രേക്കിട്ടപ്പോൾ വാഹനത്തിന്റെ മുകളിൽ കെട്ടിവച്ചിരുന്ന സ്റ്റീൽ ഷീറ്റിന്റെ കെട്ടഴിഞ്ഞു റോഡിൽ പതിച്ചിരുന്നു.
അപകടകരമായി വാഹനം ഓടിച്ചതിനു റീജണൽ ട്രാൻസ് പോർട്ട് ഓഫീസർ റെജി പി. വർഗീസ് പിക്കപ്പ് വാൻ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുകയുംചെയ്തു. വാഹനത്തേക്കാൾ നീളമുള്ള വസ്തുക്കൾ കയറ്റരുതെന്നാണു നിയമം. മുറിച്ചു മാറ്റി കൊണ്ടുപോകാൻ കഴിയില്ലെങ്കിൽ വാഹനത്തിന്റെ ബോഡിയേക്കാൾ പരമാവധി ഒരു മീറ്റർ മാത്രം പുറത്തേക്കു നിക്കാം.
എന്നാൽ തിരക്കേറിയ റോഡിലൂടെ ചെറിയവാഹനങ്ങളിൽ നീളക്കൂടുതലുള്ള വസ്തുക്കൾ കെട്ടിവച്ചുകൊണ്ടു പോകുന്നത് പതിവ് കാഴ്ചയാണ്. കൂർത്ത കന്പിയും മെറ്റൽ ഷീറ്റുകളുമാണ് ഇത്തരത്തിൽ കൂടുതലായും കൊണ്ടുപോകുന്നത്. ഈ വാഹനങ്ങൾ പെട്ടെന്നു ബ്രേക്കിടുകയോ നിർത്തുകയോ ചെയ്യുന്പോൾ പിറകെ വരുന്ന വാഹനങ്ങൾക്കു വലിയതോതിലുള്ള അപകടഭീഷണിയാണുണ്ടാകുന്നത്. മൂർച്ചയേറിയ വസ്തുക്കളായതിനാൽ പിന്നിൽ വരുന്ന ഇരുചക്രയാത്രികരുടെയും മറ്റും ദേഹത്ത് തറച്ചു കയറി ദുരന്തങ്ങളുണ്ടാകാം.
കഴിഞ്ഞ ദിവസത്തെ അപകടത്തിൽ രണ്ടു ബൈക്ക് യാത്രികർ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. വാഹനത്തിന്റെ നീളത്തേക്കാൾ കൂടിയ വലിപ്പമുള്ള വസ്തുക്കൾ വാഹനത്തിൽ കെട്ടിവച്ച് ഓടിക്കുന്നത് പെട്ടെന്നു ബ്രേക്കിടുന്പോഴും വളവ് തിരിക്കുന്പോഴും മറിഞ്ഞ് അപകടമുണ്ടാകാനും സാധ്യതയുണ്ടെന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.