പാലക്കാട്: ചരക്കുലോറി ഉടമകളുടെ അനിശ്ചിതകാല ലോറി സമരം മൂന്നാംദിവസത്തിലേക്കു കടന്നതോടെ അന്തർസംസ്ഥാന ചരക്കുഗതാഗതം പൂർണമായും നിലയ്ക്കുമെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.കെ. ജോണ്, ജനറൽ സെക്രട്ടറി എം. നന്ദകുമാർ എന്നിവർ അറിയിച്ചു.
സിമന്റ് ലോറികൾ, കാർ ഗാഡികൾ, ഇന്ധനടാങ്കറുകൾ, ഗ്യാസ് ടാങ്കറുകൾ, മിൽക്ക് വാൻ തുടങ്ങി ചുരുക്കം വാഹനങ്ങൾമാത്രമാണ് അതിർത്തി കടന്നു വരുന്നത്. ഇന്നുമുതൽ കേരളത്തിനകത്തേക്കും പുറത്തേക്കും ചരക്കുവാഹനങ്ങൾ സർവീസ് നടത്തുവാൻ അനുവദിക്കില്ലെന്ന് കേരള-തമിഴ്നാട് ലോറി ഓണേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.എസ്. കാളിയ പെരുമാൾ, ജനറൽ കണ്വീനർ എം. നന്ദകുമാർ എന്നിവർ സംയുക്തമായി അറിയിച്ചു.
ചില ജില്ലകളിലെ എഫ്സിഐ ഗോഡൗണുകളിലേക്കു ഭക്ഷ്യധാന്യങ്ങളുമായി വന്ന റെയിൽവേ വാഗണുകൾ ക്ലിയർ ചെയ്യുന്നതിന് അതാതു പ്രദേശത്തെ ലോറി ഉടമകളുടെയും തൊഴിലാളി സംഘടനകളുടെയും സഹകരണത്തോടെ നാളിതുവരെ സൗകര്യം ഏർപ്പെടുത്തിയിരുന്നു. കേന്ദ്രസർക്കാരും ഇൻഷ്വറൻസ് റെഗുലേറ്ററി ഡെവലപ്മെന്റ് അഥോറിറ്റിയും ലോറി ഉടമകൾ ഉന്നയിക്കുന്ന ന്യായമായ വിഷയത്തിൽ ഉദാസീന നിലപാട് തുടർന്നാൽ അനിശ്ചിതകാല സമരം ശക്തിപ്പെടുത്തും.
ഇതിന്റെ ഭാഗമായി നാളിതുവരെ അവശ്യവസ്തുക്കൾക്കായി മാറ്റിനിർത്തിയിട്ടുള്ള വാഹനങ്ങളും സർവീസ് നിർത്തിവയ്ക്കുവാൻ ആവശ്യപ്പെടുമെന്നും ഭാരവാഹികൾ പറഞ്ഞു. ചരക്കുവാഹനമേഖല കടുത്ത തൊഴിൽപ്രതിസന്ധി നേരിടുന്ന സമയത്തുള്ള സമരം ന്യായമായുള്ള ആവശ്യങ്ങൾക്കുവേണ്ടിയാണ്.
സമരവുമായി എല്ലാ ലോറി ഉടമകളും ജീവനക്കാരും തൊഴിലാളി സംഘടനകളും സഹകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ലോറികൾ, മിനി ലോറികൾ, ടിപ്പറുകൾ, ടാങ്കർ, കണ്ടെയ്നർ, കാരേജ് ലോറികൾ ഉൾപ്പെടെയുള്ള ചരക്കുവാഹനങ്ങളാണ് പണിമുടക്കുന്നത്. അവശ്യ സർവീസുകളെ സമരത്തിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂർ ജില്ലയിൽ നാലായിരത്തോളം ചരക്കുലോറികളാണ് സമരത്തിൽ പങ്കെടുക്കുന്നത്.