കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണക്കടത്തിനു പിന്നിൽ വന്‍ ഗൂഢാലോചനയെന്ന് എന്‍ഐഎ. കോവിഡ് പടരുന്ന അവസരം മുതലാക്കി കൂടുതല്‍ സ്വര്‍ണം കടത്താന്‍ പദ്ധതിയിട്ടിരുന്നതായി സ്വപ്നയെയും സന്ദീപിനെയും ചോദ്യംചെയ്തതില്‍നിന്നു വ്യക്തമായതായി എന്‍ഐഎ കോടതിയെ അറിയിച്ചു.
രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെയും നാലാം പ്രതി സന്ദീപിന്റെയും കസ്റ്റഡി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ഹർജിയിലാണ് എന്‍ഐഎ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ഹർജി പരിഗണിച്ച് ഇരുവരുടെയും കസ്റ്റഡി 24 വരെ കോടതി നീട്ടി നല്കി. നേരത്തെ അനുവദിച്ച ഒൻപതു ദിവസത്തെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.
കോവിഡ് വ്യാപനത്തിന്റെ മറവിൽ സ്വര്‍ണം കടത്താന്‍ കേസിലെ മുഖ്യപ്രതിയായ കെ.ടി. റമീസ് നിര്‍ബന്ധിച്ചെന്നു നാലാം പ്രതി സന്ദീപ് നായരാണ് എന്‍ഐഎയ്ക്കു മൊഴി നല്‍കിയത്.
റമീസാണ് സംഘത്തെ നിയന്ത്രിച്ചിരുന്നത്. രാജ്യത്തിനകത്തും പുറത്തും റമീസിനു പിന്നില്‍ വന്‍ സംഘമുണ്ടെന്നും സന്ദീപ് വെളിപ്പെടുത്തി.
പ്രതികള്‍ ഒന്നിച്ചും അല്ലാതെയും നിരവധി തവണ സംസ്ഥാനത്തിന്റെ പലയിടത്തും ഒത്തുകൂടി ഗൂഢാലോചന നടത്തിയതിനും തെളിവുകള്‍ ലഭിച്ചു. പ്രതികളുടെ ഗൂഢാലോചനയുടെ ദൃശ്യങ്ങള്‍ ഉണ്ടെന്നു കരുതുന്ന ഒരു ഡിവിആര്‍ തെളിവെടുപ്പിനിടെ സന്ദീപില്നിന്നു പിടിച്ചെടുത്തിട്ടുണ്ട്.
രാജ്യത്തിന്റെ സാമ്പത്തികാടിത്തറ തകര്‍ക്കാന്‍ ശ്രമിച്ച കള്ളക്കടത്തു സംഘത്തിനെതിരേ അന്വേഷണം തുടരുകയാണെന്നും മുഴുവന്‍ പ്രതികളെയും അവരുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാകുമെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.
സ്വപ്നയ്ക്കു കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്തുമായും സന്ദീപ് നായരുമായും അടുത്ത ബന്ധമാണുള്ളത്. ഇവരെല്ലാം സര്ണക്കടത്തിനു പ്രതിഫലമായി പണം കൈപ്പറ്റി. സരിത്താണ് സ്വപ്നയ്ക്കും സന്ദീപിനും പണം കൈമാറിയിരുന്നത്. വിവിധ ബാങ്കുകളിലും ബാങ്കിതര സ്ഥാപനങ്ങളിലും സ്വപ്ന പണം നിക്ഷേപിച്ചു. ബാങ്ക് ലോക്കറുകളിലും പണം സൂക്ഷിച്ചു.
സ്വപ്നയുടെ ആറു മൊബൈല്‍ ഫോണുകളും രണ്ട് ലാപ്ടോപ്പുകളും തുറന്നു പരിശോധിച്ചു. വാട്സ്ആപ് അക്കൗണ്ടില്‍ സരിത്തുമായും യുഎഇ കോണ്‍സലേറ്റ് അധികൃതരുമായും കസ്റ്റംസ് പിടിച്ചുവച്ച ഡിപ്ലോമാറ്റിക് ബാഗേജിനെക്കുറിച്ചു കൈമാറിയ സന്ദേശങ്ങള്‍ കണ്ടെത്തി. കുറെ സന്ദേശങ്ങള്‍ നശിപ്പിച്ചിട്ടുമുണ്ട്.
സന്ദീപിന്റെയും സ്വപ്നയുടെയും ടെലിഗ്രാം, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ഇ-മെയില്‍ അക്കൗണ്ടുകളും പരിശോധിച്ചു. വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്നും കള്ളക്കടത്തുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പലതും അതിലുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.
പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ അവര്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും പിടികിട്ടാത്ത വിധം ഒളിവില്‍ പോകുമെന്നും പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഐഎ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ രാഷ്ട്രീയ നേട്ടത്തിനായി തന്നെ ബലിയാടാക്കുകയാണെന്ന് ജാമ്യാപേക്ഷയില്‍ സ്വപ്ന സുരേഷ് ബോധിപ്പിച്ചു.
സ്വര്‍ണക്കടത്തിനു പണം സമാഹരിച്ചതിനോ സംവിധാനമൊരുക്കിയതിലോ പങ്കില്ല. തന്റെ പക്കല്‍നിന്ന് ഒന്നുംതന്നെ കണ്ടെടുത്തിട്ടില്ല. ബാഗേജ് വന്നത് തന്റെ പേരിലല്ല. അയച്ചതും താനല്ല. കേസില്‍ തനിക്കെതിരേ തീവ്രവാദ ബന്ധം ഉന്നയിക്കാനാകില്ല.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിച്ചിട്ടില്ല-ജാമ്യാപേക്ഷയില്‍ സ്വപ്ന പറഞ്ഞു. ജാമ്യാപേക്ഷയില്‍ 24ന് കൂടുതല്‍വാദം കേള്‍ക്കും.