കോട്ടയം: കാൽവരിയിലെ മഹാത്യാഗത്തിന്റെ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. മാനവരക്ഷയ്ക്കായി കുരിശിൽ ജീവൻ അർപ്പിച്ച ക്രിസ്തുവിന്റെ ഉദാത്തമായ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സ്മരണ പുതുക്കി ദേവാലയങ്ങളിൽ ഇന്നു ദുഃഖവെള്ളിയുടെ തിരുക്കർമങ്ങൾ നടക്കും.
നോന്പിന്റെയും ഉപവാസത്തിന്റെയും ദിനങ്ങളിലൂടെ ആത്മവിശുദ്ധീകരണത്തിന്റെ ചൈതന്യത്തിലേക്കു കടന്നുവന്ന വിശ്വാസ സമൂഹം ക്രൂശിതനു പിന്നാലെ പ്രാർഥനാമന്ത്രങ്ങളുമായി കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളെയും ധ്യാനിച്ച് പരിഹാര പ്രദക്ഷിണം നടത്തും.
പ്രധാന ടൗണുകളിൽ വിവിധ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ കുരിശിന്റെ വഴി ക്രമീകരിച്ചിട്ടുണ്ട്. ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും കുരിശ് കുന്പിടീലും ശുശ്രൂഷയും ഉണ്ടാകും. നേർച്ചക്കഞ്ഞി വിതരണത്തോടെയാണ് ശുശ്രൂഷകൾ പൂർത്തീകരിക്കുന്നത്.
സീറോ മലബാര്‍ സഭ അധ്യക്ഷൻ, മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ കോട്ടയം കുടമാളൂര്‍ സെന്റ് മേരീസ് ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളിയില്‍ ദുഃഖവെള്ളി ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി. ലത്തീൻ സഭ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ്, ജോസഫ് കളത്തിപ്പറമ്പില്‍ എറണാകുളം സെന്റ് ഫ്രാൻസീസ് അസീസി കത്തീഡ്രലില്‍ വൈകുന്നേരം ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും.
ശനിയാഴ്ച ദുഃഖശനിയോടനുബന്ധിച്ച പ്രത്യേക പ്രാർഥനകളും പുത്തൻ തീ, വെള്ളം എന്നിവയുടെ വെഞ്ചരിപ്പും ദേവാലയങ്ങളിൽ നടക്കും. ഉയിർപ്പ് ശുശ്രൂഷകൾക്ക് ശനിയാഴ്ച രാത്രി തുടക്കമാകും.
മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആയിരക്കണക്കിന് വിശ്വാസികളാണ് ദുഃഖവെള്ളി ദിനത്തിൽ കുരിശുമല കയറുന്നത്.