ചിറ്റൂര്‍:ചരക്കു കടത്തു വാഹനങ്ങളില്‍ യാതൊരു സുരക്ഷയുമില്ലാതെ യാത്രക്കാരെ കൊണ്ടു പോവുന്നത്പതിവുകാഴ്ചയാവുന്നു.ഇത്തരം നിയമ ലംഘനങ്ങള്‍ പെട്രോളിങ്ങിനു വരുന്ന പോലീസ് സംഘം കണ്ടാലും മൗനം പാലിക്കുന്നത് നിയമ ലംഘനത്തിന് സഹായമായിരിക്കുകയാണ്.
യാത്ര വാഹനങ്ങളില്‍ കൂടുതല്‍ നിരക്കു കൊടുക്കേണ്ടിവരുന്നതിനാലാണ് ചരക്കുകടത്ത് വാഹനങ്ങളെ യാത്രക്കാര്‍ ഉപയോഗിക്കുന്നത്. ഇത്തരം ചരക്കുകടത്തു വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ജീവഹാനി ഉള്‍പ്പെടെ വന്‍ ദുരന്തമാണ് വരുത്തിവെയ്ക്കുന്നത്.
ടെമ്പോ,പെട്ടിഓട്ടോ, മിനി ലോറികളിലുമാണ് കൂടുതലായി യാത്രക്കരെ കയറ്റി സഞ്ചരിക്കുന്നത്. വണ്ടിത്താവളം നെടുമ്പള്ളത്ത് നിറയെ സ്ത്രീ തൊഴിലാളികളെ കയറ്റി വന്ന പെട്ടി ഓട്ടോമറിഞ്ഞ് മിക്കവരും അടിയില്‍ പെട്ടു. കുത്തനെയുള്ള കയറ്റം കയറുമ്പോള്‍ മുന്‍ ചക്രം പൊന്തി തലകീഴായി മറിയുകയായിരുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ ഓടിയെത്തി ഓട്ടോ ഉയര്‍ത്തിയാണ് അകത്തു കുടുങ്ങിയവരെ രക്ഷപ്പെട്ടത്. അപകടത്തില്‍പ്പെട്ട മിക്കവര്‍ക്കും പരിക്കുപറ്റിയിരുന്നു.ചിലര്‍ കലശലായ ശ്വാസതടസ്സവും ഉണ്ടായെങ്കിലും മറ്റ് അനിഷ്ഠ സംഭവങ്ങള്‍ ഉണ്ടായില്ല.
ചരക്കുകടത്തു വാഹനങ്ങള്‍ അനധികൃതമായി യാത്രക്കാരെ കയറ്റി കൊണ്ടു പോവുന്നതിനാല്‍ നിയമാനുസൃതമായി നികുതികള്‍ അടച്ച് ഓടിക്കുന്ന യാത്ര വാഹനങ്ങള്‍ വരുമാനക്കുറവുണ്ടാവുന്നതായും ആരോപണമുണ്ട്.