തൃശൂർ: ചരക്കുവാഹനങ്ങളുടെ രജിസ്ട്രേഷൻ, റീ രജിസ്ട്രേഷൻ നിരക്കുകൾ നാനൂറു രൂപയിൽനിന്നു നാൽപ്പതിനായിരം രൂപയായി വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ മോട്ടോർ വാഹന നിയമ പരിഷ്കാരം നടപ്പാക്കിയാൽ ചരക്കുലോറി സർവീസുകൾ നിർത്തിവയ്ക്കേണ്ടിവരുമെന്നു ലോറി ഓണേഴ്സ് ഫെഡറേഷൻ.
വാഹനങ്ങളുടെ ഓരോ കാര്യങ്ങൾക്കുമുള്ള ഫീസ് ഭീമമായി വർധിപ്പിച്ചു. ഇൻഷ്വറൻസ് തുക നാലിരട്ടിയാണു വർധിപ്പിച്ചത്. ഫിറ്റ്നസ്, ടാക്സ്, പെർമിറ്റ്, ക്ഷേമനിധി തുടങ്ങിയവയുടെ ബാധ്യതയുമുണ്ട്. ഭീമമായ നിരക്കുവർധനമൂലം വൻതോതിൽ ചരക്കുലോറികളുടെ വാടക വർധിപ്പിക്കേണ്ട അവസ്ഥയിലാണ്.
നിത്യോപയോഗ സാധനങ്ങൾ അടക്കമുള്ളവയുടെ വിലവർധനയ്ക്കു വഴിയൊരുക്കുന്ന നിരക്കു വർധനയിൽനിന്ന് സർക്കാർ പിന്മാറണമെന്നു ഫെഡറേഷൻ ആവശ്യപ്പെട്ടു. പ്രതിഷേധവുമായി കേന്ദ്ര സർക്കാർ ഓഫീസുകൾക്കുമുന്നിൽ സമരം നടത്തുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് പി.കെ. ജോണ്, ജനറൽ സെക്രട്ടറി ഇ.കെ. ഷാജു, വൈസ് പ്രസിഡന്റ് പീച്ചി ജോണ്സണ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.