കോഴിക്കോട്: രാജ്യ വ്യാപകമായി നടക്കുന്ന ലോറി സമരം ആറാം ദിവസത്തിലേക്ക് കടന്നതോടെ വിപണി പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. പച്ചക്കറി വില ഇന്നലെയോടെ കുതിച്ചുയർന്നത് ജനങ്ങൾക്ക് ഇരുട്ടടിയായിട്ടുണ്ട്. എന്നാൽ വലിയങ്ങാടിയിലെ കടകളിൽ അരിയുടെ സ്റ്റോക്ക് ഉള്ളതിനാൽ വിലയിൽ മാറ്റം വന്നിട്ടില്ല.
സമരം തുടരുന്നതോടെ പച്ചക്കറിയുടെ വരവ് തീരെ കുറഞ്ഞരിക്കുന്നതായി പാളയത്തെ പച്ചക്കറി മൊത്തവിതരണ വ്യാപാരി കുട്ടൻ പറഞ്ഞു. ഇന്ന് രാവിലെയും ചെറിയ വാഹനങ്ങളിൽ ലോഡ് എത്തുന്നുണ്ടെങ്കിലും ഇത് പര്യാപ്തമാകുന്നില്ല. ഇന്നലെ മുതൽ പച്ചക്കറി വിലയിൽ വലിയ മാറ്റമാണുണ്ടായത്. ഉള്ളിക്കും തക്കാളിക്കുമെല്ലാം രണ്ടു മുതൽ നാല് രൂപ വരെ വർധിച്ചപ്പോൾ ഉരുളക്കിഴങ്ങിന് ആറ് രൂപയുടെ വർധനവാണുണ്ടായത്.
കഴിഞ്ഞ ദിവസം വരെ 18 രൂപയ്ക്ക് വിറ്റിരുന്ന സവാള ഇന്നലെ മുതൽ 22 രൂപയ്ക്കാണ് വിൽക്കുന്നത്. 18 രൂപയായിരുന്ന തക്കാളി 22 രൂപയായി. 22 രൂപയുണ്ടായിരുന്ന ഉരുളക്കിഴങ്ങിന് 28 രൂപയായെന്നും പച്ചക്കറി കുട്ടൻ പറഞ്ഞു.
അതേസമയം ലോറി സമരം ഒത്തുതീർപ്പാക്കാൻ ഇന്ന് വൈകുന്നേരം നാലിന് ഗതാഗത മന്ത്രി ലോറി ഉടമസ്ഥരുടെ സംഘടനാ നേതാക്കളുമായി ചർച്ച നടത്തുന്നുണ്ട്.
ആവശ്യ സാധനങ്ങൾക്ക് വില കുതിക്കാതിരിക്കാൻ കെഎസ്ആർടിസി ബസിനെ ആശ്രയിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി കെഎസ്ആർടിസി ബസിൽ എത്തിക്കാൻ കഴിയുമോ എന്ന കാര്യം എംഡി ടോമിൻ ജെ തച്ചങ്കരിയുമായി ചർച്ച ചെയ്യുമെന്നും മന്ത്രി ഇന്നലെ പറഞ്ഞിരുന്നു.
സമരം ഇന്ന് ഒത്തുതീർപ്പായില്ലെങ്കിൽ നാളെയോടെ പച്ചക്കറി വില ഇരട്ടിയാകാനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു. അടുത്ത ആഴ്ച്ചയോടുകൂടി അരിയുടെ വിലയ്ക്കും മാറ്റം വരാനാണ് സാധ്യതയെന്ന് വലിയങ്ങാടിയിലെ വ്യാപാരികളും പറഞ്ഞു.
്