ചിറ്റൂർ: താലൂക്കിൽ ചരക്കുകടത്ത് വാഹനങ്ങളിൽ യാത്രക്കാരെ കയറ്റികൊണ്ടുപോകുന്നത് പതിവായി. ഈ നിയമലംഘനം തടയുന്നതിനു പോലീസ്, മോട്ടോർ വാഹനവകുപ്പുകൾ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലത്രേ. യാത്രക്കാരെ ചരക്കുവാഹനങ്ങളിൽ കൊണ്ടുപോകുന്നതിനിടെ മുൻകാലങ്ങളിൽ നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്.യാത്രാവാഹനത്തിന്റെ വൻനിരക്കാണ് വിവാഹം, വിനോദയാത്ര, തൊഴിലാളികൾ എന്നിവരെ ഇത്തരം വാഹനങ്ങളിൽ കൊണ്ടുപോകുന്നതിനു നിർബന്ധിതരാക്കുന്നത്.
സാന്പത്തികമായി പിന്നോക്കം നില്ക്കുന്ന വീടുകളിൽ വിവാഹത്തിന് പ്രധാനമായും ചരക്കുകടത്ത് വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഈ വാഹനങ്ങൾ അപകടത്തിൽപെട്ടാൽ യാത്രക്കാർക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കാറില്ല. പകൽസമയത്ത് മേൽഭാഗം മൂടാത്ത വാഹനങ്ങളിൽ സഞ്ചരിക്കുന്ന യാത്രക്കാർക്കു സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു.