തൃശൂർ: ഗുഡ്വിൻ ജ്വല്ലറി തട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിന് മഹാരാഷ്ട്ര പോലീസ് തൃശൂരിലെത്തി. തൃശൂരിൽ കുറുപ്പം റോഡിലെ അടച്ചു പൂട്ടിയ ജ്വല്ലറി പരിശോധിച്ച സംഘം കോർപറേഷൻ ഓഫീസിലെത്തി സ്ഥലവും ഷോപ്പും സംബന്ധിച്ച രേഖകളും പരിശോധിച്ചു. മണ്ണംപേട്ടയിലെ ഇവരുടെ വീടും അന്വേഷണ സംഘം പരിശോധിച്ചു.തട്ടിപ്പ് സംബന്ധിച്ച് തൃശൂരിൽ പരാതികളൊന്നും ലഭിച്ചിട്ടില്ല. മഹാരാഷ്ട്രയിലാണ് തട്ടിപ്പിന് ഇരയായവരിൽ അധികവും.
ആയിരക്കണക്കിന് നിക്ഷേപകരാണ് ഗുഡ്വിൻ ജ്വല്ലറി തട്ടിപ്പിൽ ഇരയായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗ്രൂപ്പ് ചെയർമാൻ സുനിൽ കുമാറിന്റെ ഡ്രൈവർ ഗണേഷിനെ ഡോംബിവ്ലി പോലീസ് കസ്റ്റഡിയിലെത്തു ചോദ്യം ചെയ്തിരുന്നു.
സ്ഥാപനത്തിന്റെ വിശ്വസ്തനായ ഗണേഷിൽ നിന്നും നിർണായകമായ വിവരങ്ങൾ പോലീസിന് ലഭിച്ചുവെന്നാണ് സൂചന. ജ്വല്ലറി ഉടകമകൾ താമസിച്ചിരുന്ന ഡോംബിവ്ലിയിലെ പലാവ താമസ സമുച്ചയത്തിലെ വീട്ടിൽ നിന്നും സാധന സമഗ്രികൾ വലിയ പെട്ടികളിലാക്കി വണ്ടികളിൽ കയറ്റി കൊണ്ട് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
നിക്ഷേപ തട്ടിപ്പിന് ഇരയായ മുന്നൂറിലധികം പേരാണ് പോലീസ് സ്റ്റേഷനിൽ എത്തിയതെങ്കിലും പരാതി രേഖാ മൂലം നൽകിയത് 69 പേർ മാത്രമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. വസായിയിൽ 1022 പരാതിക്കാർ 2500 ലധികം നിക്ഷേപ രശീതുകൾ ഹാജരാക്കിയിട്ടുണ്ട്.ഏകദേശം 20 കോടി രൂപയുടെ നിക്ഷേപമാണ് വസായ് മേഖലയിലെ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ള അന്യഭാഷ തൊഴിലാളികളിൽ നിന്നായി സമാഹരിച്ചിരിക്കുന്നത്.
നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ ജ്വല്ലറി ഉടമകളായ സുനിൽ കുമാർ, സുധീഷ്കുമാർ സഹോദരന്മാർക്കെതിരെ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചുവെന്ന് ഡോംബിവ്ലി പോലീസ് അറിയിച്ചു.പ്രതികൾ ഇന്ത്യ വിടുവാനുള്ള സാധ്യതകൾ കുറവാണെന്നും കേരളത്തിലോ ദക്ഷിണേന്ത്യയിലെ ഏതെങ്കിലും സുരക്ഷിത സ്ഥലങ്ങളിലോ ഉണ്ടാകുമെന്നു സംശയിക്കുന്നതായി പോലീസ് പറയുന്നു. ഇവരെ അന്വേഷിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് അന്വേഷണ സംഘം തൃശൂരിൽ എത്തിയത്.