തങ്ങള്‍ക്കാവശ്യമുള്ള മേഖലയില്‍ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തികളാണെങ്കില്‍ എത്ര മോഹശമ്പളം നല്‍കിയും അവരെ ജോലിയ്‌ക്കെടുക്കാന്‍ തയാറാകുന്നവരാണ് ഗൂഗിള്‍. നിരവധി വാര്‍ത്തകള്‍ ഇത്തരത്തില്‍ ഗൂഗിളിന്റേതായി പുറത്തുവന്നിട്ടുണ്ട്്. ഏറ്റവുമവസാനം പുറത്തുവന്നത് ചണ്ഡീഗഡില്‍ നിന്നുള്ള പതിനാറുകാരന് ഗൂഗിളില്‍ ജോലി ലഭിച്ചു എന്നുള്ളതാണ്. സോഷ്യല്‍ മീഡിയയിലടക്കം ഇത് വലിയ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തിരുന്നു. ചണ്ഡിഗഡിലെ സെക്ടര്‍ 33 ലെ ഗവണ്‍മെന്റ് മോഡല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഹര്‍ഷിത് ശര്‍മയ്ക്ക് ഗൂഗിളില്‍ ജോലി ലഭിച്ചു എന്ന വാര്‍ത്ത വെറും കെട്ടുക്കഥയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.
ചെറുപ്രായത്തില്‍ കൈവരിച്ച നേട്ടത്തിന്റെ വ്യാജവാര്‍ത്ത വൈറലായതിനു പിന്നാലെ ഗൂഗിള്‍ ഇത് നിഷേധിക്കുകയായിരുന്നു. അത്തരത്തിലൊരു നിയമനം നടന്നിട്ടില്ലെന്നാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്. പ്രതിമാസം നാലു ലക്ഷം രൂപ പ്രതിഫലം നല്‍കി ഗൂഗിളിന്റെ യുഎസിലെ ഗ്രാഫിക് ഡിസൈനിംഗ് ടീമിലേയ്ക്കാണ് തെരഞ്ഞെടുത്തതെന്നും ഒരു വര്‍ഷത്തെ ട്രെയിനിംഗ് കഴിഞ്ഞാല്‍ 12 ലക്ഷം രൂപ മാസശമ്പളം ലഭിക്കുമെന്ന് അവകാശപ്പെട്ടാണ് ഈ കൗമാരക്കാരന്‍ രംഗത്തെത്തിയത്. തന്റെ ആഗ്രഹം സഫലമായിരിക്കുന്നുവെന്നും സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതിലും അപ്പുറമാണെന്നും ഹര്‍ഷിത് പറഞ്ഞുവെന്ന് പറഞ്ഞ് ആധികാരികമായാണ് ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
താന്‍ ഓണ്‍ലൈന്‍ ജോലിക്കായി അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും ഹര്‍ഷിത് പറഞ്ഞു. മേയിലാണ് ഈ ജോലിക്കായി അപേക്ഷിച്ചതെന്നും ഒരു ഗൂഗിള്‍ ലിങ്കിലൂടെയാണ് അപേക്ഷിച്ചതെന്നും ജൂണില്‍ കമ്പനി അപ്പോയിന്റ്മെന്റ് ലെറ്റര്‍ അയക്കുകയും ഗൂഗിളിന്റെ ഒരു വര്‍ഷം നീണ്ട ഗ്രാഫിക് ഡിസൈനിംഗ് കോഴ്‌സിന് തെരഞ്ഞെടുക്കുകയുമായിരുന്നെന്നാണ് ഹര്‍ഷിത് പറഞ്ഞത്. ഇക്കാലയളവില്‍ നാല് ലക്ഷം രൂപ ലഭിച്ചിരുന്നു. അതിനു ശേഷം നടന്ന ഓണ്‍ലൈന്‍ അഭിമുഖത്തിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. കഴിഞ്ഞ പത്തു വര്‍ഷമായി ഗ്രാഫിക് ഡിസൈന്‍ എനിക്ക് വളരെ ഇഷ്ടമുള്ള മേഖലയാണ്. ഞാന്‍ ഡിസൈന്‍ ചെയ്ത പോസ്റ്ററുകളുടെ അടിസ്ഥാനത്തിലാണ് എനിക്ക് ഈ ജോലി ലഭിച്ചത്. എന്നിങ്ങനെയൊക്കെയാണ് ഹര്‍ഷിത് പറഞ്ഞിരുന്നത്. ഇതെല്ലാമാണ് ടെക് ഭീമനായ ഗൂഗിള്‍ ഇപ്പോള്‍ നിഷേധിച്ചിരിക്കുന്നത്.