വാഷിംഗ്ടൺ ഡിസി: ഗൂഗിളിൽ നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ വിവരങ്ങൾ മോഷ്ടിച്ചതിന് ചൈനീസ് സോഫ്റ്റ്വെയർ എൻജിനീയറെ അറസ്റ്റ് ചെയ്തു. ലിയോൺ ഡിംഗ്(38) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ നാല് കേസുകളുണ്ടെന്ന് യുഎസ് അറ്റോർണി ജനറൽ മെറിക് ഗാർലൻഡ് പറഞ്ഞു.
രണ്ട് ചൈനീസ് കമ്പനികളിൽ രഹസ്യമായി ജോലി ചെയ്യുന്നതിനിടെയാണ് ഇയാൾ മോഷണം നടത്തിയത്. ബുധനാഴ്ച കാലിഫോർണിയയിലെ നെവാർക്കിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രണ്ട് ചൈനീസ് കമ്പനികളിൽ രഹസ്യമായി ജോലി ചെയ്യുന്ന ഇയാൾ ഗൂഗിളിന്റെ നെറ്റ്വർക്കിൽ നിന്ന് രഹസ്യ വിവരങ്ങൾ തന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് കൈമാറുകയായിരുന്നു. നമ്മുടെ ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും മറ്റ് നൂതന സാങ്കേതികവിദ്യകളുടെയും മോഷണം നീതിന്യായ വകുപ്പ് അംഗീകരിക്കില്ലെന്ന് മെറിക് ഗാർലൻഡ് പറഞ്ഞു.
അമേരിക്കയിൽ വികസിപ്പിച്ച സെൻസിറ്റീവ് ടെക്നോളജികൾ കൈവശം വയ്ക്കാൻ പാടില്ലാത്തവരുടെ കൈകളിൽ എത്തുന്നത് ഞങ്ങൾ തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.