ഇന്ത്യക്കാരുടെ ഫോണുകൾ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പുകളിലെ ശുഭദിനാംശകൾകൊണ്ട് നിറഞ്ഞ് മെമ്മറി അവതാളത്തിലാകുന്നതിന് പരിഹാരമാർഗവുമായി ടെക് വന്പൻ ഗൂഗിൾ. “ഫയൽസ് ഗോ ആപ്’ അപ്ലിക്കേഷൻ ഉപയോഗിച്ചാൽ അനാവശ്യ ഫയലുകൾ ഫോണിൽനിന്ന് എളുപ്പം നീക്കം ചെയ്യാമെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്.
ചിത്രങ്ങളുടെ അകന്പടിയോടെ ഗുഡ്മോർണിംഗ് ഉൾപ്പെടെയുള്ള ആശംസകൾ വാട്സ്ആപ് പോലുള്ള ആപ്പുകളിലൂടെ അയയ്ക്കുന്ന പ്രവണത ഇന്ത്യക്കാരിൽ കൂടുതലാണെന്നും അതുകൊണ്ടുതന്നെയാണ് ഇവിടുള്ളവരുടെ ഫോണ്‍ മെമ്മറി വേഗം തീരുന്നതെന്നും ഒരു അമേരിക്കൻ മാധ്യമം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. പുതുതായി ഇന്റർനെറ്റ് ലോകത്തേക്ക് എത്തുന്ന ഇന്ത്യക്കാരാണ് ഇക്കാര്യത്തിൽ മുൻപന്തിയിലെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സന്ദേശങ്ങളുടെ പ്രവാഹത്തിൽ മെമ്മറി തീരുന്നതിന് പരിഹാരമൊരുക്കാൻ ഗൂഗിൾ, തങ്ങളുടെ ഫയല്‍സ് ഗോ ആപ് പരിചയപ്പെടുത്തിയത്.
ഫോണ്‍ മെമ്മറി പരിശോധിച്ച് ആവശ്യമില്ലാത്ത സന്ദേശങ്ങൾ, ചിത്രങ്ങൾ, ആപ്പുകൾ, വീഡിയോ ദൃശ്യങ്ങൾ തുടങ്ങിയവയെല്ലാം ഡിലീറ്റ് ചെയ്യാൻ സ്മാർട്ട്ഫോൺ ഉപയോക്താക്കളെ ഫയൽസ് ഗോ ആപ് സഹായിക്കും. ഫയൽസ് ഗോ ആപ്പിന്റെ ഗുണം തിരിച്ചറിഞ്ഞ് ഇതിനോടകംതന്നെ ഒരു കോടിയിലേറെപ്പേർ ആപ് ഡൗണ്‍ലോഡ് ചെയ്തുവെന്നും ഗൂഗിൾ ആറിയിച്ചു.