ഗൂഗിള്‍ അവതരിപ്പിച്ച് ഏറ്റവും പുതിയ സാങ്കേതികവിദ്യയില്‍ ഒന്നായ ഗൂഗിള്‍ അസിസ്റ്റന്റ് ഡ്രൈവിംഗ് മോഡ് ഇനി ഇന്ത്യയിലും ലഭ്യമാകും.
നിലവില്‍ ഈ സൗകര്യം അമേരിക്കയില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. ഇപ്പോള്‍ ഇന്ത്യക്ക് പുറമെ ഓസ്ട്രേലിയ, യുകെ, അയര്‍ലന്‍ഡ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലും സവിശേഷത ലഭിക്കും.
ഡ്രൈവിംഗ് മോഡ് നാവിഗേഷന്‍ സ്ക്രീനിന്റെ പുറത്ത് പോകാതെ തന്നെ മറ്റെല്ലാ കാര്യങ്ങളും ചെയ്യാന്‍ സാധിക്കും. ഇത് വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറക്കുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.
ഇനി മുതല്‍ ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായത്തോടെ വാഹനമോടിക്കുമ്പോള്‍ തന്നെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകും. നമ്മുടെ ശബ്ദം ഉപയോഗിച്ച് കോളുകളും മെസേജുകളും അയക്കാനും സ്വീകരിക്കാനും കഴിയും.
വിവിധ ആപ്ലിക്കേഷനുകളില്‍ നിന്നുള്ള മെസേജുകള്‍ ഫോണില്‍ നോക്കാതെ തന്നെ അറിയാം. കോളുകള്‍ വരുമ്പോള്‍ മുന്നറിയിപ്പ് നല്‍കും, ശബ്ദം ഉപയോഗിച്ച് തന്നെ സ്വീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാം.
പ്രസ്തുത സൗകര്യങ്ങള്‍ക്ക് പുറമെ ലോകത്തിന്റെ ഏത് ഭാഗത്തുള്ള മാധ്യമങ്ങളുടേയും സേവനവും ലഭ്യമാകും.
ഈ സവിശേഷത ലഭിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡ്രൈവിംഗ് മോഡ് ഉപയോഗിക്കാവുന്നതാണ്. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് ഒരു സ്ഥലത്തേക്ക് നാവിഗേറ്റ് ചെയ്യുക.
അല്ലെങ്കില്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലെ ഗൂഗില്‍ അസിസ്റ്റന്റ് ക്രമീകരണങ്ങളിലെ ട്രാന്സ്പോര്ട്ടേഷന് തിരഞ്ഞെടുത്തതിന് ശേഷം ഡ്രൈവിങ് മോഡില്‍ ക്ലിക്ക് ചെയ്യുക.
ഗൂഗിള്‍ അസിസ്റ്റന്റ് ഡ്രൈവിംഗ് പ്രവര്‍ത്തനക്ഷമമാക്കിയാല്‍, ഗൂഗിള്‍ മാപ്പില്‍ തുടര്‍ന്ന് കൊണ്ടുതന്നെ നിങ്ങള്‍ക്ക് ശബ്ദ സന്ദേശങ്ങള്‍ അയക്കാനും ഫോണ്‍ വിളിക്കാനും കഴിയും.
ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 9.0 അല്ലെങ്കില്‍ ഉയര്‍ന്ന വേര്‍ഷനുള്ള ഫോണുകളില്‍ സൗകര്യം ലഭ്യമാകും. നാല് ജിബി റാമുള്ള ഫോണുകളില്‍ ഈ സവിശേഷത നന്നായി പ്രവര്‍ത്തിക്കുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.