മുംബൈ: ടെക് വന്പൻ ഗൂഗിളിനെതിരേ ഇന്ത്യൻ സ്റ്റാർട്ടപ്പ് കന്പനികൾ രംഗത്ത്. ഇ-പേമെന്റ് കന്പനിയായ പേടിഎമ്മിന്റെ നേതൃത്വത്തിലാണ് ഗൂഗിളിന്റെ ആൻഡ്രോയിഡ് വിപണി മേധാവിത്വത്തിനെതിരേയുള്ള പടനീക്കം.
ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെയും കന്പനികളുടെയും കൂട്ടായ്മ രൂപീകരിച്ച് ഗൂഗിളിനേതിരേ വിവിധ സർക്കാർ ഏജൻസികളിലും കോടതിയിലും പരാതി നൽകാനാണ് ഗൂഗിൾ വിരുദ്ധർ പദ്ധതിയിട്ടിരിക്കുന്നത്.
ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള പ്ലേസ്റ്റോറിനു ബദലായി ആപ്പ് സ്റ്റോർ തുടങ്ങാനും ആലോചനയുണ്ട്.
പ്ലേസ്റ്റോറിലെ കുത്തകയായി ഗൂഗിൾ മാറിയിരിക്കുന്നെന്നാണ് എതിരാളികളുടെ പ്രധാന ആരോപണം. സ്വന്തം ആപ്പുകളുടെ പ്രചാരം കൂട്ടുന്നതിനായി ഗുഗിൾ, മറ്റ് ആപ്പുകളെ തകർക്കാൻ ശ്രമിക്കുന്നതായും വിമർശകർ പറയുന്നു.
നയ ലംഘനം ചൂണ്ടിക്കാട്ടി പേടിഎം ആപ്പ് ഗൂഗിൾ തങ്ങളുടെ പ്ലേസ്റ്റോറിൽ നിന്ന് പുറത്താക്കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
തങ്ങൾ നിയമവിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്നും ഗൂഗിൾ, പക്ഷപാതം കാണിക്കുകയാണെന്നുമായിരുന്നു സംഭവത്തോടുള്ള പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമയുടെ പ്രതികരണം.
വിജയ് പരസ്യമായി ഗൂഗിളിനേതിരേ നിലപാട് അറിയിച്ചതോടെ കൂടുതൽ ഇന്ത്യൻ കന്പനികൾ ഗൂഗിളിനെതിരേ രംഗത്തെത്തുകയായിരുന്നു.
പേടിഎമ്മിനെ പുറത്താക്കിയ സംഭവത്തിനു പുറമേ, ആൻഡ്രോയിഡ് സ്റ്റോറുകളിലൂടെയുള്ള ഈ പേമെന്റ് ഇടപാടുകൾക്ക് 30 ശതമാനം കമ്മീഷൻ ഈടാക്കാനുള്ള ഗൂഗിളിന്റെ നീക്കവും പല ഇന്ത്യൻ കന്പനികളെയും ചൊടിപ്പിച്ചിട്ടുണ്ട്.
അതേസമയം, കമ്മീഷൻ ഈടാക്കാനുള്ള തീരുമാനം ലോകത്തെ 97 ശതമാനം ആപ്പുകളും അംഗീകരിക്കുമെന്ന് ഗൂഗിൾ അറിയിച്ചു. പേടിഎമ്മിനു പുറമേ ഡ്രീം സ്പോട്സ്, ഷെയർചാറ്റ്, ഫോണ്പെ, ഇന്ത്യ മാർട്ട് തുടങ്ങിയ ആപ്പുകളും ഗൂഗിളിനേതിരേ രംഗത്തുളളതായാണ് വിവരം.
പോരാട്ടത്തിൽ ഗൂഗിൾ പരാജയപ്പെടുമെന്നും ഇന്ത്യൻ കന്പനികളുടെ കൂട്ടാമ വിജയം കാണുമെന്നും ഇന്ത്യ മാർട്ട് സിഇഒ ദിനേശ് അഗർവാൾ പറഞ്ഞു.