നെടുങ്കണ്ടം: ഗൂഗിൾ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഇടംനേടി പതിനാറുകാരൻ. ഇടുക്കി തേർഡ്ക്യാന്പ് കിഴക്കേമുറി ജൂബിറ്റ് ജോണാണ് ഗൂഗിളിന്റെ അംഗീകാരം നേടിയത്. ഇന്ത്യയിൽനിന്ന് ഈ അംഗീകാരം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണു ജൂബിറ്റ്.
ഗൂഗിളിന്റെ പിഴവ് ചൂണ്ടിക്കാട്ടിയതിനാണ് അംഗീകാരം ലഭിച്ചത്. ആരുടെ ജി മെയിൽ അക്കൗണ്ടും ഹാക്ക് ചെയ്യാമെന്നു കണ്ടെത്തി ഇതു ഗൂഗിളിനെ അറിയിക്കുകയായിരുന്നു. ജിമെയിൽ ഹാക്ക് ചെയ്യുന്നതുവഴി അതുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫേസ് ബുക്ക് ഉൾപ്പെടെ ഒരാളുടെ എല്ലാ അക്കൗണ്ടുകളിലും കടന്നുകയറാൻ കഴിയും. ഇതുവഴി ഒരാളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കാമെന്നും ജൂബിറ്റ് കാണിച്ചുകൊടുത്തു.
ഗൂഗിൾ അവകാശപ്പെടുന്ന പ്രൈവസി ഇല്ലാതെയാക്കാൻ കഴിയുമെന്ന ജൂബിറ്റിന്റെ കണ്ടെത്തൽ അംഗീകരിച്ച ഗൂഗിൾ ഈ പിഴവ് പരിഹരിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. വിരലിലെണ്ണാവുന്ന മലയാളികൾ മാത്രമാണു ഗൂഗിൾ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഇതുവരെ ഇടംനേടിയിട്ടുള്ളത്. ഗൂഗിളിന്റെ സെർച്ച് എൻജിൻ, വെബ്സൈറ്റുകൾ, ആപ്പുകൾ തുടങ്ങിയവയിലെ സുരക്ഷാപാളിച്ചകൾ എന്നിവ കണ്ടെത്താനായി നടത്തിവരുന്ന പദ്ധതിയാണ് ഗൂഗിൾ വൾനറബിലിറ്റി റിവാഡ് പ്രോഗ്രാം. ലോകത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആളുകൾ ഈ പ്രോഗ്രാമിന്റെ ഭാഗമാകാറുണ്ട്.
ഗൂഗിൾ ഡൊമൈനുകളിലെ പാളിച്ചകൾ കണ്ടെത്തുകയും അതിനുള്ള പരിഹാരം നിർദേശിക്കുകയും ചെയ്യുന്നവർക്ക് കന്പനി പാരിതോഷികം നൽകും. ഇതിനുമുന്നോടിയായി ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഉൾപ്പെടുത്തും. 73 പേജുള്ള ഗൂഗിൾ ഹാൾ ഓഫ് ഫെയിം പട്ടികയിൽ 48 -ാം പേജിലാണ് ജൂബിറ്റിന്റെ സ്ഥാനം.
ജിമെയിലുമായി ബന്ധപ്പെട്ട ഒരു ബഗ്ഗാണ് ജൂബിറ്റ് റിപ്പോർട്ടുചെയ്തത്. പിഴവ് പരിഹരിക്കാൻ സമയമെടുക്കുമെന്നും ഈ കണ്ടെത്തലിനു റിവാർഡ് നൽകുമെന്നും ഗൂഗിൾ അധികൃതർ ജൂബിറ്റിനെ അറിയിച്ചിട്ടുണ്ട്. സുരക്ഷാവീഴ്ച കണ്ടെത്തുന്നവർക്ക് 1000 ഡോളർ മുതൽ 33,000 ഡോളർ വരെയാണു പാരിതോഷികം നൽകുന്നത്.
മൈക്രോസോഫ്റ്റ്, യാഹൂ, ഫേസ്ബുക്ക് തുടങ്ങിയവയ്ക്കെല്ലാം ഇത്തരത്തിൽ ബഗ് ബൗണ്ടി പ്രോഗ്രാമുകളുണ്ട്.തൂക്കുപാലം വിജയമാത പബ്ലിക് സ്കൂളിൽ പഠിക്കുന്ന കാലത്തു ജിമെയിലുമായി ബന്ധപ്പെട്ട വർണറബിലിറ്റി ജൂബിറ്റ് നിർമിക്കുകയും പരീക്ഷിക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ് കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. തൂക്കുപാലത്ത് കിഴക്കേമുറി ഏജൻസീസ് എന്ന സ്ഥാപനം നടത്തുന്ന സിബി കിഴക്കേമുറിയുടെയും ജെസിയുടെയും മകനാണ് ഈ മിടുക്കൻ. തൂക്കുപാലം വിജയമാത സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥി ജെറിൻ ജോണ് ഏക സഹോദരനാണ്.