ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന പരാതിയില്‍ ഗുഗിളിനും മാതൃസ്ഥാപനമായ ആല്‍ഫബെറ്റിനും വന്‍ പിഴ.
ഇന്‍കൊഗ്‌നിറ്റോ മോഡ് പ്രവര്‍ത്തനക്ഷമമാക്കിയതിനുശേഷവും ഗുഗിള്‍ ബ്രൗസിങ് ഹിസ്റ്ററിയും മറ്റു ഡാറ്റയും ശേഖരിച്ചെന്നാണ് പരാതി. കഴിഞ്ഞ വര്‍ഷം ജൂണില്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നടപടി.
500 കോടി ഡോളര്‍( മുപ്പത്തിയാറായിരം കോടി രൂപ) ആണ് പിഴയായി വിധിച്ചത്. ഗൂഗിള്‍ അനലിറ്റിക്സ്, ഗൂഗിള്‍ ആഡ് മാനേജര്‍, വെബ്സൈറ്റ് പ്ലഗ്-ഇന്നുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപഭോക്താക്കളെ ട്രാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്നുണ്ടെന്ന പരാതിക്കാര്‍ ആരോപിച്ചു.
‘നിങ്ങളുടെ സുഹൃത്തുക്കള്‍ ആരൊക്കെയാണെന്നും നിങ്ങളുടെ ഹോബികള്‍ എന്താണെന്നും നിങ്ങള്‍ എന്താണ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നതെന്നും ഏതൊക്കെ സിനിമകള്‍ കാണണമെന്നും എവിടെ, എപ്പോള്‍ ഷോപ്പുചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും നിങ്ങളുടെ പ്രിയപ്പെട്ട അവധിക്കാല കേന്ദ്രങ്ങള്‍ ഏതാണെന്നും നിങ്ങളുടെ പ്രിയപ്പെട്ട നിറം എന്താണെന്നുമൊക്കെ ഗൂഗിളിന് അറിയാം.
ഒപ്പം ഇന്റര്‍നെറ്റില്‍ നിങ്ങള്‍ തിരയാന്‍ സാധ്യതയുള്ള കാര്യങ്ങളും. നിങ്ങളുടെ സ്വകാര്യതയെ സ്വകാര്യമായി തന്നെ സൂക്ഷിക്കാന്‍ ഗൂഗിള്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ പാലിക്കുന്നുണ്ടോ എന്നുപോലും പരിഗണിക്കാതെയാണ് ഇതെല്ലാം ചെയ്യുന്നത്’, പരാതിക്കാര്‍ പറഞ്ഞു.
ഉപഭോക്താവ് ഇന്‍കൊഗ്‌നിറ്റോ മോഡില്‍ ബ്രൗസ് ചെയ്യുമ്പോള്‍ വിവരശേഖരണത്തില്‍ ഏര്‍പ്പെടുന്നുവെന്ന് ഗൂഗിള്‍ അറിയിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി. കാലിഫോര്‍ണിയയിലെ സാന്‍ ജോസിലെ യുഎസ് ജില്ലാ കോടതിയാണ് വാദം കേട്ടത്.