പുതുക്കാട്: ഗൂഗിൾ പേ ആപ്പ് വഴി പണമയച്ചയാളുടെ അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടപ്പെട്ടതായി പരാതി. മണ്ണംപേട്ട വട്ടണാത്ര സ്വദേശി മഞ്ഞളി ഡിക്ലസിന്റെ അക്കൗണ്ടിലെ പണമാണു നഷ്ടപ്പെട്ടത്. 29,000 രൂപ നഷ്ടപ്പെട്ട യുവാവ് സൈബർ സെല്ലിൽ പരാതി നൽകി.
കഴിഞ്ഞ മാസം 23നാണ് ഇദ്ദേഹം ഗൂഗിൾ പേ വഴി എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ടിൽനിന്ന് ഫെഡറൽ ബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്ക് 8000 രൂപ അയച്ചത്. എന്നാൽ തുക കൈമാറ്റം ചെയ്യപ്പെട്ടില്ല. ദിവസങ്ങൾ കഴിഞ്ഞിട്ടും തുക എത്താതിരുന്നതോടെ ഡിക്ലസ് ബാങ്കിനെ സമീപിച്ചു.
ബാങ്കിൽനിന്ന് ലഭിച്ച നിർദേശ പ്രകാരം ഗൂഗിൾ പേയുടെ കസ്റ്റമർ കെയറിലേക്കു വിളിച്ചു. കോൾ ലഭ്യമായില്ലെങ്കിലും അല്പസമയത്തിനുള്ളിൽ തിരികെ വിളിയെത്തി. അവിടെനിന്ന് അയച്ച ലിങ്കിൽ വിവരങ്ങൾ നല്കി അവർ പറഞ്ഞ മൊബൈൽ നമ്പറിലേക്ക് അയച്ചുകൊടുക്കാനായിരുന്നു നിർദേശം.
വിവരങ്ങൾ അയച്ചതിനു പിന്നാലെ ബാങ്കിന്റെ യുപിഐ നമ്പർ കൂടി അയയ്ക്കാൻ നിർദേശമെത്തി. യുപിഐ നമ്പർകൂടി ചേർത്തയുടനെ ഡിക്ലസിന്റെ രണ്ട് അക്കൗണ്ടിലെയും മുഴുവൻ തുകയും നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു.
8000, 21,000 രൂപ വീതമാണ് ഓരോ അക്കൗണ്ടിലും ഉണ്ടായിരുന്നത്. ഉടൻതന്നെ തൃശൂർ സൈബർ സെല്ലിൽ പരാതി നൽകി. പണം നഷ്ടപ്പെട്ട ഉടനെ അറിയിച്ചിരുന്നെങ്കിൽ ബ്ലോക്ക് ചെയ്യാമായിരുന്നു എന്നാണ് സൈബർ സെൽ അധികൃതർ പറഞ്ഞത്.