ഉടുന്പന്നൂർ: സ്ഫോടക വസ്തുക്കളുമായി വന്ന ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു. 11 കെവി ലൈൻ തകർത്താണ് ലോറി മറിഞ്ഞതെങ്കിലും വൻ അപകടം ഒഴിവായി. പെരിങ്ങാശേരിക്ക് സമീപം ഉപ്പുകുന്ന് റോഡിലാണ് ഇന്നലെ വൈകുന്നേരം നാലരയോടെ ലോറി മറിഞ്ഞത്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ വന്ന വാഹനത്തിന് വഴി തെറ്റുകയായിരുന്നു.
മഹാരാഷ്ട്ര രജിസ്ട്രേഷൻ വാഹനമാണ് കയറ്റം കയറുന്നതിനിടെ പിന്നോട്ടുരുണ്ട് 11 കെവി വൈദ്യുതി ലൈൻ തകർത്തു മറിഞ്ഞത്. ലോറി ഡ്രൈവർക്കും സഹായിക്കും നിസാര പരിക്കേറ്റു.
ഉപ്പുതറ സ്വദേശിയായ ലൈസൻസിക്ക് കൊണ്ടുവന്ന സ്ഫോടക വസ്തുക്കളായിരുന്നു ലോറിയിലുണ്ടായിരുന്നത്. വാഗമണ്‍ വഴി പോകേണ്ടിയിരുന്ന വാഹനം മൂവാറ്റുപുഴയിൽനിന്നു വഴിതെറ്റിയാണ് പെരിങ്ങാശേരിയിലെത്തിയതെന്ന് കരിമണ്ണൂർ സിഐ വി.സി. വിഷ്ണുകുമാർ പറഞ്ഞു.
ലോറിയിലുള്ള സ്ഫോടക വസ്തുക്കൾ എറണാകുളത്തുനിന്നെത്തിയ വിദഗ്ധരുടെ സഹായത്തോടെ മറ്റൊരു വാഹനത്തിലേക്ക് സുരക്ഷിതമായി മാറ്റി കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
പിന്നീട് രേഖകൾ പരിശോധിച്ചതിനു ശേഷമായിരിക്കും വാഹനം വിട്ടു നൽകുകയെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ വാഹനത്തിൽനിന്നും ഓയിലും ഡീസലും ചോർന്നതിനെത്തുടർന്ന് തൊടുപുഴയിൽനിന്നു ഫയർഫോഴ്സ് സംഘമെത്തി റോഡും പരിസരവും കഴുകി അപകടം ഒഴിവാക്കി.