ചെറുതോണി: ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച വിനോദ സഞ്ചാരികളുടെ മിനിബസ് മറിഞ്ഞ് കുട്ടികളടക്കം ഏഴുപേർക്ക് പരിക്ക്. മുംബൈയിൽ നിന്നും എത്തിയ വിനോദ സഞ്ചാരികൾ സഞ്ചരിച്ച തമിഴ്നാട് രജിസ്ട്രേഷനിലുള്ള ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇന്നലെ രാത്രി 9 ഓടെ മരിയാപുരത്താണ് അപകടം നടന്നത്.
മൂന്നാറിൽ നിന്നും തേക്കടിക്ക് പോകുകയായിരുന്നു 19 പേരടങ്ങുന്ന സംഘം. വഴി നിശ്ചയമില്ലാതിരുന്ന ബസ് ഡ്രൈവർ ഗൂഗിൾ മാപ്പിനെ ആശ്രയിച്ചാണ് യാത്രചെയ്തിരുന്നത്. ചെറുതോണിയിൽ നിന്നും ഇടുക്കി- കട്ടപ്പന വഴി ദേശീയ പാതയിലൂടെ തേക്കടിക്ക് പോകേണ്ടിയിരുന്ന ബസ് ഗൂഗിൾമാപ്പിൽ കണ്ട വഴിയിലൂടെ സഞ്ചരിച്ചതാണ് വഴിതെറ്റാനിടയായത്.
ഇടുക്കിയിൽ നിന്നും മരിയാപുരംവഴി നാരകക്കാനത്തേക്കുള്ള വഴിയിലൂടെ സഞ്ചരിച്ച ബസ് കുത്തുകയറ്റത്തിൽ പിന്നോട്ട് ഉരുണ്ട് തിട്ടയിലിടിച്ച് റോഡിൽ മറിയുകയായിരുന്നു. ദീപിക ഏജന്റ് പൈകയിൽ ടോമിന്റെ വീടിനു സമീപമാണ് ബസ് മറിഞ്ഞത്.
ശബ്ദം കേട്ട് ഓടിയെത്തിയ ടോമും നാട്ടുകാരും ചേർന്ന് ബസ് വെട്ടിപ്പൊളിച്ചാണ് വാഹനത്തിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. ഇതിനിടെ ഇടുക്കിയിൽ നിന്നും തങ്കമണിയിൽ നിന്നും പോലീസും ഇടുക്കി ഫയർഫോഴ്സും സ്ഥലത്തെത്തി.
അഞ്ചു കുട്ടികൾക്കും ഒരു സ്ത്രീക്കും ഡ്രൈവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ മരിയാപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന വഴിയിൽ ബസ് മറിഞ്ഞു കിടക്കുന്നതിനാൽ രാവിലെയും ഗതാഗതം തടസപ്പെട്ടിരിക്കയാണ്.