ഗൂഗിള്‍ മാപ്പ് നോക്കി പോയ കുടുംബം മരണത്തില്‍ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പാലക്കാടു നിന്നും രാത്രിയില്‍ പട്ടിക്കാട്ടേക്ക് പോയ തൃശൂര്‍ പട്ടിക്കാട് സ്വദേശി കാരിക്കല്‍ സെബാസ്റ്റ്യനും കുടുംബവും സഞ്ചരിച്ച കാര്‍ പുഴയില്‍ പതിയ്ക്കുകയായിരുന്നു.
പാലക്കാട് നിന്ന് നാട്ടിലേക്ക് തിരിച്ചതായിരുന്നു സംഘം. കുതിരാനിലെ ഗതാഗതക്കുരുക്ക് കാരണം പട്ടിക്കാട്ടേക്കു പുറപ്പെടാന്‍ ഗൂഗിളിന്റെ സഹായം തേടിയപ്പോള്‍ ചൂണ്ടിക്കാണിച്ച വഴിയിലൂടെയായിരുന്നു യാത്ര. ഗൂഗിള്‍ മാപ്പ് നിര്‍ദ്ദേശിച്ച വഴി കാര്‍ യാത്ര തുടരുമ്പോള്‍ എഴുന്നള്ളത്തുകടവ് തടയണയുടെ തിരുവില്വാമല ഭാഗത്തെ പുഴയിലേക്കു കാര്‍ കൂപ്പുകുത്തുകയായിരുന്നു.തിരുവില്വാമല വഴി കൊണ്ടാഴിയിലേക്കു പോകാന്‍ തടയണയിലൂടെ കയറിയപ്പോള്‍, രാത്രിയായതിനാല്‍ വെള്ളം ഇവരുടെ ശ്രദ്ധയില്‍ പെട്ടില്ല. ഒഴുക്കില്‍ പെട്ടതോടെ കാര്‍ പുഴയിലേക്കു മറിയുകയായിരുന്നു.
അടുത്തിടെയും സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് കാഞ്ഞങ്ങാട് നിന്നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കു വന്ന കുടുംബം സഞ്ചരിച്ച കാര്‍ ആഴമേറിയ ചിറയില്‍ വീഴാതെ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ പാലമറ്റം നേര്യമംഗലം റോഡിലെ ചാരുപാറയില്‍ പുതുക്കിപ്പണിയാന്‍ പൊളിച്ചുനീക്കിയ പാലത്തിന്റെ വലിയ കിടങ്ങില്‍ കാര്‍ വീണ് മൂന്നംഗ വിനോദയാത്രാസംഘം അത്ഭുതകരമായി രക്ഷപെട്ടിരുന്നു.
30 അടിയിലേറെ താഴ്ചയില്‍ കുഴിച്ചിരുന്ന കുഴിയില്‍ 10 അടിയോളം വെള്ളമുണ്ടായിരുന്നു. മുങ്ങിയ കാറില്‍ നിന്നു സാഹസികമായി പുറത്തുകടന്ന യുവാക്കളില്‍ രണ്ടു പേര്‍ നീന്തി കരകയറി.നീന്തല്‍ അറിയാത്ത ഒരാള്‍ മുങ്ങിയ കാറിന്റെ മുകളില്‍ കയറിയാണു രക്ഷപ്പെട്ടത്.