ന്യൂഡൽഹി: അനുമതി ലഭിക്കാതെയുള്ള ഗൂഗിൾ പേയുടെ പ്രവർത്തനം എങ്ങനെയെന്നു വ്യക്തമാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടതിനു പിന്നാലെ ഈ വിഷയത്തിൽ വിശദീകരണവുമായി ഗൂഗിൾ രംഗത്തെത്തി. “നിയമങ്ങൾക്കും നടപടിക്രമങ്ങൾക്കും വിധേയമായാണ് ഗൂഗിൾ പേയുടെ പ്രവർത്തനം.
പാർട്ണർ ബാങ്കുകൾക്ക് യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് (യുപിഎെ) അടിസ്ഥാനമാക്കി പണമിടപാടുകൾ നടത്താനുള്ള സാങ്കേതികവിദ്യ നല്കുന്ന സേവനദാതാവായാണ് ഗൂഗിൾ പ്രവർത്തിക്കുന്നത്. അതിനാൽത്തന്നെ പണമിടപാടുകളിലോ അതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലോ ഗൂഗിളിനു പങ്കില്ല, ഇത്തരത്തിൽ സേവനദാതാവായി വർത്തിക്കുന്നതിന് ഇന്ത്യൻ നിയമപ്രകാരം പ്രത്യക ലൈസൻസിന്റെ ആവശ്യവുമില്ല”- ഗൂഗിൾ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ ഇന്ത്യയിലുള്ള സെർവറിൽ സൂക്ഷിക്കണമെന്നുള്ള റിസർവ് ബാങ്ക് വ്യവസ്ഥ പാർട്ണർ ബാങ്കുകളുടെ സുഗമമായ പ്രവർത്തനത്തിനുവേണ്ടി പാലിച്ചുകൊണ്ടിരിക്കുകയാണെന്നും അത് ഉടൻ നടപ്പിലാക്കുമെന്നും ഗൂഗിൾ പ്രസ്താവനയിൽ പറഞ്ഞു.