തലയോലപ്പറമ്പ്: പെട്രോൾ അടിച്ചതിന്റെ പണം ഗൂഗിൾപേ അക്കൗണ്ടിൽ എത്താത്തതു ചൂണ്ടിക്കാട്ടിയ പെട്രോൾ പമ്പ് ജീവനക്കാരനെ ക്രൂരമായി മർദിച്ചു. പമ്പ് ജീവനക്കാരനായ മണകുന്നം നാൽപതിൽത്തറ ലൂക്കോസിനാണ്(അപ്പച്ചൻ) മർദനമേറ്റത്. തലയോലപ്പറമ്പ് പള്ളിക്കവലയ്ക്ക് കിഴക്കുഭാഗത്തുള്ള കണ്ണൻ കൂരാപ്പള്ളിയുടെ പെട്രോൾ പമ്പിൽ ഞായറാഴ്ച രാത്രി 10.45ഓടെയായിരുന്നു സംഭവം.
മാരകമായി പരിക്കുപറ്റിയ പമ്പ് ജീവനക്കാരനായ അപ്പച്ചനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴി അക്രമികൾ വാഹനം തടഞ്ഞ് ജീവനക്കാരനെ വീണ്ടും മർദിച്ചു. ഇത് തടയാൻ ശ്രമിക്കുമ്പോൾ സിപിഎം ബ്രാഞ്ച് സെക്രട്ടറി വി.പി. ഷായെ അക്രമികൾ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു.
മുതുകിലും വലതു നെഞ്ചിന് തൊട്ടു മുകളിലായും കുത്തേറ്റ വി.പി. ഷായെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ അപ്പച്ചനെ ആക്രമിച്ചതിലും വി.പി. ഷായെ കുത്തി പരിക്കേൽപിച്ച സംഭവത്തിലും തലയോലപ്പറമ്പ് പോലീസ് കേസെടുത്തു. ആക്രമണത്തിനുശേഷം അക്രമികൾ ഇരുചക്ര വാഹനമുപേക്ഷിച്ച് കടന്നു കളഞ്ഞു.
ആക്രമണം നടത്തിയ വടകര സ്വദേശികളായ അജയ്,അക്ഷയ് എന്നിവർക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.ഇവർ പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.