പരസ്യനയം പരിഷ്കരിച്ച് ഗൂഗിള്‍. പുതിയ നയപ്രകാരം ഒരു വ്യക്തിയെ അയാളുടെ സമ്മതം ഇല്ലാതെ നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ പരസ്യങ്ങള്‍ ഗൂഗിളില്‍ നല്കാന് കഴിയില്ല. ഇത് പ്രകാരം സ്പൈ വെയറുകള്‍, സ്പൈ ആപ്പുകള്‍ എന്നിവയ്ക്ക് പരസ്യം ചെയ്യാന്‍ ബുദ്ധിമുട്ട് സംഭവിക്കും.
‘ഭാര്യയെ നിരീക്ഷിക്കാന്‍ ഇതാ ഒരു ആപ്പ്, ഭാര്യ അറിയാതെ അവരുടെ വാട്സ് അപ്പ് നോക്കാം, നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളറിയാതെ എന്തൊക്കെ ചെയ്യുന്നെന്ന് മനസ്സിലാക്കാം’ തുടങ്ങിയ പരസ്യങ്ങള്‍ ഗൂഗിളില്‍ സജീവമായിരുന്നു. പുതിയ നയപ്രകാരം ആപ്പുകള്‍ക്കും പ്രൊഡക്ടുകള്‍ക്കും ഇനി ഗൂഗിളില്‍ ഇത്തരം പരസ്യങ്ങള്‍ നല്‍കാനാവില്ല.
എന്നാല്‍ സര്‍വൈലന്‍സ് നടത്തുന്ന എല്ലാ ഉപകരണങ്ങള്‍ക്കും പുതിയ നയം ബാധകമാണ് എന്നതാണ് റിപ്പോര്‍ട്ട്.
ഇത് പ്രകാരം ജിപിഎസ് ട്രാക്കര്‍, ഒരു വ്യക്തി അറിയാതെ അയാളുടെ നീക്കങ്ങള്‍ ഒപ്പിയെടുക്കുന്ന സ്പൈ ക്യാമറകള്‍, ഡാഷ് ക്യാമറകള്‍, ഓഡിയോ റെക്കോഡര്‍ എന്നിവയ്ക്കെല്ലാം ഈ നയം ബാധകമാണ്.
എന്നാല്‍ പ്രൈവറ്റ് ഇന്‍വസ്റ്റിഗേഷന്‍ പ്രോഡക്ട്, കുട്ടികളെ നിരീക്ഷിക്കാന്‍ രക്ഷിതാക്കള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവയ്ക്ക് ഈ പരസ്യ നയം ബാധകമല്ല.
ഓഗസ്റ്റ് 11 മുതലാണ് ‘ഇനേബിളിങ് ഡിസ് ഹോണസ്റ്റ് ബിഹേവിയര്‍’ എന്ന പേരില്‍ ഗൂഗിള്‍ ഈ നയം നടപ്പിലാക്കുന്നത്.
അടുത്ത പങ്കാളിയെ നിരീക്ഷിക്കാന്‍ പലര്‍ക്കും പ്രേരണയാകുന്നത് ഗൂഗിള്‍ പരസ്യങ്ങളാണ് എന്ന 2018ലെ പഠനം പിന്തുടര്ന്നാണ് ഗൂഗിള്‍ ഇത്തരം ഒരു തീരുമാനത്തിലേക്കെത്തിയത്. എന്തായാലും പങ്കാളിയെ സംശയദൃഷ്ടിയോടെ നിരീക്ഷിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടിയാണ് ഗൂഗിളിന്റെ ഈ പുത്തന്‍നയം.