കീർത്തി കാർമൽ ജേക്കബ്
പേയ്മെന്റ് ആപ്പുകൾ ധാരാളമുണ്ടെങ്കിലും ഈ മേഖലയിലേക്കു ഗൂഗിൾ കടന്നുവരാത്തതെന്താണെന്നതു പലരുടെയും സംശയമായിരുന്നു. അതിനും അവസാനമായിരിക്കുന്നു. പേടിഎം പോലുള്ള പേയ്മെന്റ് ആപ്പുകൾ ജനപ്രിയമായി തുടരുന്പോൾ ഗൂഗിൾ ഇവിടേക്കു കടന്നുവരണമെങ്കിൽ അതു വെറും കൈയോടെ ആയിരിക്കില്ലല്ലോ. കൗതുകമുണർത്തുന്ന പ്രത്യേകതകളുമായാണ് ഗൂഗിൾ തേസിനെ അവതരിപ്പിച്ചിരിക്കുന്നത്.
പ്രത്യേകതകൾ
ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ആപ്പിലൂടെ പണം കൈമാറാനാണു തേസ് സഹായിക്കുന്നത്. ഓഡിയോ മാച്ചിംഗ് സിസ്റ്റമാണ് ഈ ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമായ ആപ്പ് ആൻഡ്രോയിഡിലും ഐഒഎസിലും ഉപയോഗിക്കാം. ഒരു ആപ്പിൽതന്നെ വിവിധ ബാങ്കുകൾ തമ്മിലുള്ള ട്രാൻസാക്ഷൻ യുപിഐ സാധ്യമാക്കുന്നു.
ബെനിഫിഷ്യറി ആയി ചേർത്തു കഴിഞ്ഞാൽ പിന്നെ അക്കൗണ്ട് വിവരങ്ങളോ കോഡുകളോ നൽകേണ്ടി വരില്ല. ഈ ആപ്പുള്ള ആർക്കും പണമയയ്ക്കാം. പണം നേരിട്ടു ബാങ്കിൽനിന്നു ഡെബിറ്റ് ആകുന്നതിനാൽ വാലറ്റിലേക്കു മാറ്റേണ്ട കാര്യമില്ല. ലൊക്കേഷൻ സർവീസ് ഉപയോഗിച്ചു കാഷ് മോഡിലും പണം ട്രാൻസ്ഫർ ചെയ്യാം. റീ ടെയിൽ ഷോപ്പുകളിൽ കാർഡ് സ്വൈപ് ചെയ്യേണ്ട ആവശ്യമില്ല. ഇംഗ്ലീഷിനു പുറമേഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, തമിഴ്, തെലുങ്ക് ഭഷകളിലാണ് ആദ്യ ഘട്ടത്തിൽ ആപ്പ് ലഭ്യമാവുക.
ഉപയോഗിക്കേണ്ട രീതി
ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതിനു ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നന്പർ നൽകണം. നിങ്ങളുടെ ബാങ്കും തെരഞ്ഞെടുക്കുക. ഫോണ് നന്പർ ചേർത്തുകഴിഞ്ഞാൽ നിങ്ങളുടെ നന്പറിലേക്ക് ആപ്പ് ഒറ്റത്തവണ പാസ്വേഡ്(ഒടിപി) അയയ്ക്കും. യുപിഐ ആക്സസ് ലഭിക്കാനാണിത്. ഉടനെതന്നെ പുതിയ യുപിഐ ഐഡി ലഭിക്കുകയും ഗൂഗിൾ അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും ചെയ്യും. ജിമെയിൽ ഐഡിയിൽനിന്നു പേരെടുത്താണ് യുപിഐ ഐഡി ഉണ്ടാക്കുന്നത്.
യുപിഐ ആപ്പിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ചേർത്തിട്ടുണ്ടെങ്കിൽ യുപിഐ പിൻ നൽകുക. ഈ ഘട്ടംകഴിഞ്ഞാൽ ആപ് ഉപയോഗിക്കാം. ഫിംഗർ പ്രിന്റ് ഉപയോഗിച്ച് ആപ് ലോക്ക് ചെയ്യാനും കഴിയും. ഈ സൗകര്യമില്ലാത്തവർക്കു പിൻ ഉപയോഗിക്കാം. ഫോണ് ബുക്കിലെ കോണ്ടാക്ട് ഗൂഗിൾ തേസ് ആപ്പിലും ലഭ്യമാകും.
അതല്ലെങ്കിൽ അക്കൗണ്ട് നന്പറോ ഐഎഫ്എസ് കോഡോ ഉപയോഗിക്കുക. യുപിഐ ഐഡി, ക്യുആർ കോഡ്, തേസ് ഉപയോഗിക്കുന്ന ഫോണ് നന്പർ എന്നിവ ഉപയോഗിച്ചും പണം കൈമാറുകയോ സ്വീകരിക്കുകയോ ചെയ്യാം. ഫോണ് നന്പർ ഇല്ലാതെയും ആപ്പ് വഴി പണം കൈമാറാമെന്ന പ്രത്യേകതയും ഉണ്ട്. ഗൂഗിളിന്റെ ക്യുആർ ടെക്നോളജി ഉപയോഗിച്ചു നിങ്ങളുടെ അടുത്തുള്ള മൊറ്റൊരു ഫോണിലേക്ക് ഓഡിയോ തരംഗങ്ങൾ വഴിയാണ് ഇതു സാധ്യമാകുന്നത്.
ഓഫറുകൾ
പുതിയൊരാൾക്ക് ആപ്പ് പരിചയപ്പെടുത്തിയാൽ 51 രൂപ ഗൂഗിൾ ഓഫർ ചെയ്യുന്നുണ്ട്. റഫർ ചെയ്തു കഴിഞ്ഞാൽ ബാങ്ക് അക്കൗണ്ടിലേക്കു പണമെത്തും. 50 രൂപയോ അതിൽ കൂടുതലോ കൈമാറുന്പോൾ സ്വീകരിക്കുന്നയാൾക്കും പണം നൽകുന്നയാൾക്കും ഗൂഗിൾ തേസ് സ്ക്രാച്ച് കാർഡ് ലഭിക്കും. പണം കൈമാറുന്നയാൾക്ക് ആഴ്ചയിൽ ഒരു കാർഡാണു ലഭിക്കുക. ഭാഗ്യമുണ്ടെങ്കിൽ ആയിരം രൂപവരെ ഇതിലൂടെ ലഭിക്കാം. പത്തു റിവാർഡുകളാണ് ഒരാഴ്ചയിൽ ആപ്പ് ഉപയോഗിക്കുന്നവർക്കു ലഭിക്കുന്നത്. ഒരു സാന്പത്തിക വർഷം ഒന്പതിനായിരം രൂപവരെ ലഭിക്കാം.
രണ്ടു തരത്തിലുള്ള സ്ക്രാച്ച് കാർഡുകളാണുള്ളത്. നീലനിറത്തിലുള്ള കാർഡ് പണം നൽകുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും ലഭിക്കും. എന്നാൽ, ചുവന്ന നിറത്തിലുള്ള ’ലക്കി സെണ്ഡെയ്സ്’ കാർഡ് പണം നൽകുന്നയാൾക്ക് ആഴ്ചയിലൊരിക്കലാണു ലഭിക്കുക. ഒരു ലക്ഷം രൂപവരെ ഈ കാർഡുവഴി ലഭിക്കാമെന്നു ഗൂഗിൾ പറയുന്നു. നിങ്ങളുടെ അക്കൗണ്ട് നന്പരും മറ്റു വിലപ്പെട്ട വിവരങ്ങളും ഒരുവിധത്തിലും മറ്റുള്ളവർക്കു കൈമാറാതെ പണമിടപാടുകൾ നടത്താമെന്നതാണ് ഈ ആപ്പിനെ ജനപ്രിയമാക്കുന്നത്.