കലിഫോർണിയ: രണ്ടു വർഷത്തിലേറെയായി ഉപയോഗിക്കാതിരുന്ന ഗൂഗിൾ അക്കൗണ്ടുകൾ നാളെ മുതൽ നീക്കം ചെയ്യും. ഈ വർഷം മേയിൽ ഗൂഗിൾ പ്രഖ്യാപിച്ച പുതുക്കിയ അക്കൗണ്ട് നയമനുസരിച്ചാണു നടപടി. ഇതുപ്രകാരം ജി മെയിൽ, ഡോക്സ്, ഡ്രൈവ്, ഗൂഗിൾ മീറ്റ്, കലണ്ടർ, യൂട്യൂബ്, എന്നിവയിൽ സ്റ്റോർ ചെയ്തിരിക്കുന്ന വിവരങ്ങളടക്കം, നിഷ്ക്രിയ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഗൂഗിൾ നീക്കം ചെയ്യും.
നാളുകളായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകളിലെ സുരക്ഷാപ്രശ്നങ്ങളാണു പുതിയ നീക്കത്തിനു കാരണമെന്നാണ് ഗൂഗിളിന്റെ വിശദീകരണം.
ഇവയിൽ പഴയതും പതിവായി ഉപയോഗിച്ചിരുന്നതുമായ പാസ്വേഡുകൾ ഉണ്ടാവാനാണു സാധ്യത. അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ പോകുന്നുവെന്ന് ഇവയുടെ ഉടമകൾക്ക് മെസേജ് അയയ്ക്കും. ഇതിന് കൃത്യമായ പ്രതികരണം ലഭിച്ചില്ലെങ്കിൽ ഒരു മാസത്തിനകം അക്കൗണ്ടുകൾ നീക്കം ചെയ്യും.