കൊച്ചി: സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ഗൂഗിള്‍ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാമെന്ന മുന്നറിയിപ്പുമായി പോലീസ്. അതിനാല്‍ സൈബര്‍ ഇടങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് പോലീസ് നല്‍കുന്നത്. ഗോള്‍ഡന്‍ അവറില്‍ 1930ല്‍ പരാതിപ്പെടാം.
സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍തന്നെ 1930 എന്ന സൈബര്‍ പോലീസിന്റെ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെട്ട് വ്യക്തത വരുത്തുകയും പരാതി നല്‍കുകയും ചെയ്യണമെന്നാണ് പോലീസ് പറയുന്നത്.
www cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
മുന്‍കരുതലുകളെടുക്കാം
- മൊബൈല്‍ ഫോണ്‍ നമ്പര്‍ തന്നെ പാസ്വേഡ് ആയി ഒരിക്കലും ഉപയോഗിക്കരുത്.
- പാസ്വേഡ് അക്ഷരങ്ങളും സ്പെഷല്‍ കാരക്ടറുകളും അക്കങ്ങളും ഉള്‍പ്പെടുത്തിയുള്ളവയായിരിക്കണം. കുറഞ്ഞത് എട്ട് കാരക്ടറുകളെങ്കിലും ഉണ്ടായിരിക്കണം.
- വിശ്വസനീയമായ ഡിവൈസുകളില്‍ മാത്രം അക്കൗണ്ട് ഓപ്പണ്‍ ചെയ്യുക.
- തേര്‍ഡ് പാര്‍ട്ടി ആപ്പുകളില്‍ നിന്ന് അക്കൗണ്ട് നീക്കം ചെയ്യുക.
- വിശ്വസനീയമല്ലാത്ത തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ക്ക് അക്കൗണ്ട് ആക്സസ് കൊടുക്കാതിരിക്കുക.
- ഗൂഗിള്‍ അക്കൗണ്ടുകളുടെ ടു സ്റ്റെപ് വെരിഫിക്കേഷന് നിര്‍ബന്ധമായും ആക്ടിവേറ്റ് ചെയ്ത് അക്കൗണ്ട് സുരക്ഷിതമാക്കണം.
- ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സമയത്ത് പ്രത്യക്ഷപ്പെടുന്ന സംശയാസ്പദമായ പോപ്പ്അപ്പുകള്ക്കെതിരെ ജാഗ്രതപാലിക്കുക.
- സംശയാസ്പദമായ അനുബന്ധം (Attachment) അല്ലെങ്കില്‍ ഫിഷിംഗ് ലിങ്കുകള്‍ ഉണ്ടായേക്കാമെന്നതിനാല്‍ അജ്ഞാതമായ/പരിചിതമല്ലാത്ത ഉറവിടങ്ങളില്‍ നിന്നുള്ള ഇമെയിലുകള്‍ ഒരിക്കലും തുറക്കരുത്.
- കൃത്യമായ ഇടവേളകളില്‍ പാസ്വേഡുകള് മാറ്റുക.
- ഉപകരണത്തില്‍ ആന്റി വൈറസ് ഇന്‍ സ്റ്റാള്‍ ചെയ്യുക, ലഭ്യമാകുമ്പോഴെല്ലാം അപ്ഡേറ്റുകള് ഇന്‍സ്റ്റാള്‍ ചെയ്യുക.
- ഉപയോഗിക്കുന്നതിന് മുമ്പ്, എല്ലായ്പ്പോഴും അജ്ഞാത യുഎസ്ബി ഡ്രൈവുകള്‍/ഉപകരണങ്ങള്‍ സ്കാന്‍ ചെയ്യുക.
- മൊബൈല്‍ഫോണ്‍/ ലാപ്ടോപ്പ് ലോക്ക് ചെയ്യാതെ വയ്ക്കരുത്.
- പാസ്വേഡുകളോ രഹസ്യ വിവരങ്ങളോ ഉപകരണങ്ങളില്‍ സൂക്ഷിക്കരുത്.
- സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക.
- അജ്ഞാതമായ/പരിചിതമല്ലാത്ത ബ്രൗസറുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
- പൊതു ഉപകരണങ്ങളില്‍ പാസ്വേഡുകള് സൂക്ഷിക്കുന്നതോ/ഉപയോഗിക്കുന്നതോ ഒഴിവാക്കുക.
- പരിചയമില്ലാത്ത വെബ്സൈറ്റുകളില്‍ സുരക്ഷിതമായ വ്യക്തിഗത വിവരങ്ങള്നല്കുന്നത് ഒഴിവാക്കുക.
- പൊതു ഉപകരണങ്ങളില്‍ എല്ലായ്പ്പോഴും വെര്‍ച്വല്‍ കീബോര്‍ഡ് ഉപയോഗിക്കുക.
- ഹാക്ക് ചെയ്യപ്പെട്ടാല്‍ ഉടനടി ഇമെയില്‍ പരിശോധിച്ചാല്‍ ഇമെയില്‍ സേവനദാതാവില്‍നിന്ന് അലേര്‍ട്ട് മെസേജ് വന്നതായി കാണാം. അതില്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
സ്വന്തം ലേഖിക