ബംഗളൂരു: ഗൂഗിൾ മാപ്പ് നോക്കി ബിഹാറിൽനിന്നു ഗോവയിലേക്കു കാറിൽ പോയ കുടുംബം കാടിനുള്ളിൽ കുടുങ്ങി. കർണാടകയിലെ ബെലഗാവി ജില്ലയിലുള്ള ഖാനാപുരിലെ ഭീംഗഡ് വനമേഖലയിൽ ഒരു രാത്രി മുഴുവൻ കുടുംബത്തിന് കാറിനുള്ളിൽ കഴിയേണ്ടി വന്നു.
യാത്രയ്ക്കിടെ ഷിരോലിക്കും ഹെമ്മദാഗയ്ക്കും സമീപമുള്ള വനത്തിലൂടെ ഒരു ചെറിയ വഴിയിലേക്ക് ഗൂഗിൾ മാപ്പ് കുടുംബത്തെ നയിക്കുകയായിരുന്നു. എട്ട് കിലോ മീറ്ററോളം കാർ ഉള്ളിലേക്കു പോയി. ദുർഘടമായ ഭൂപ്രദേശത്തുകൂടിയുള്ള യാത്രയ്ക്കിടെ മൊബൈൽ നെറ്റ്വർക്ക് കവറേജ് നഷ്ടമായതോടെ കാറിൽ രാത്രി ചെലവഴിക്കാൻ കുടുംബം നിർബന്ധിതരാകുകയായിരുന്നു.
പുലർച്ചെ മൊബൈൽ നെറ്റ്വർക്ക് കവറേജുള്ള ലൊക്കേഷൻ കണ്ടെത്തി എമർജൻസി ഹെൽപ്പ്ലൈനുമായി പോലീസുമായി ബന്ധപ്പെടാൻ സാധിച്ചതോടെയാണ് കുടുംബത്തിന് വനത്തിൽനിന്നു പുറത്തുകടക്കാനുള്ള വഴി തെളിഞ്ഞത്. കഴിഞ്ഞ മാസം, ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ ഗൂഗിൾ മാപ്പ് നോക്കി പോയ കാർ നിർമാണത്തിലിരിക്കുന്ന പാലത്തിൽനിന്ന് നദിയിലേക്കു മറിഞ്ഞ് മൂന്നു പേർ മരിച്ചിരുന്നു.