ആകാശത്തെ നക്ഷത്രങ്ങളോടും ഗ്രഹങ്ങളോടും കൂട്ടുകൂടാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത. ഇനി അവയെക്കാണാൻ മുകളിലേക്കു നോക്കി കഴുത്ത് ഉളുക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ കംപ്യൂട്ടറിന്റെയോ മൊബൈൽ ഫോണിന്റെയോ സ്ക്രീനിൽ അവരെയെല്ലാം കാണാൻ കഴിയും -ഗൂഗിൾ മാപ്പുവഴി.
നമ്മുടെ സൗരയൂഥത്തിലുള്ള എല്ലാ നക്ഷത്രങ്ങളിലേക്കും ഗ്രഹങ്ങളിലേക്കും വിർച്വൽ യാത്ര നടത്താൻ ഗൂഗിൾ മാപ്പ് സഹായിക്കുമെന്നു ഗൂഗിൾ അറിയിച്ചുകഴിഞ്ഞു. ശനിയുടെ ഉപഗ്രഹമായ മിമാസിലേക്കോ വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിലേക്കോ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിലേക്കോ, സൗരയുഥത്തിന്റെ ഏതു കോണിലും നിമിഷങ്ങൾക്കുള്ളിൽ പോയിവരാൻ ഗൂഗിൾ മാപ്പ് സഹായിക്കും.
വെറുതേ ഒരു യാത്രയല്ല, നാം കണ്ടുമുട്ടുന്ന ഗ്രഹങ്ങളുടെയും ഉപഗ്രഹങ്ങളുടെയും വിശദവിവരങ്ങൾ അവയെക്കുറിച്ച് ഇതുവരെ നടന്നിട്ടുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഗൂഗിൾ മാപ്പ് വിവരിച്ചുതരും. പുതിയ ആകാശദൃശ്യങ്ങൾ കാണാനായി ഗൂഗിൾ മാപ്പിലെ ഭൂമിയുടെ മാപ്പിൽനിന്നു സൂം ഒൗട്ട് ചെയ്ത് പുറത്തെ അന്തരീക്ഷത്തിൽ എത്തണം. നാസയിൽനിന്നും യൂറോപ്യൻ ബഹിരാകാശ ഏജൻസിയിൽനിന്നും ലഭിച്ച ചിത്രങ്ങളുടെ സഹായത്തോടെയാണു ബഹിരാകാശ ഭൂപടം ഗൂഗിൾ നിർമിച്ചിരിക്കുന്നത്.