ഉപയോക്താക്കളെ യാചകരാക്കി ഗൂഗിളിന്റെ പേമന്റ് ആപ്ലിക്കേനായ ഗൂഗിൾ പേ. ദീപാവലിയോട് അനുബന്ധിച്ച് ഓണ്‍ലൈൻ പേമന്റ് രംഗത്തെ പ്രധാനികളായ പേടിഎം, ഫോണ്‍പേ തുടങ്ങിയ ആപ്ലിക്കേഷനുകൾ നിരവധി ഓഫറുകൾ രംഗത്തിറക്കിയിരുന്നുവെങ്കിലും വലിയ രീതിയിൽ പ്രചാരം ലഭിച്ചത് ഗൂഗിൾ പേയ്ക്കാണ്.
ഒക്ടോബർ 21നാണ് ഗൂഗിൾ പേ ഇതുമായി ബന്ധപ്പപെട്ട് ആദ്യമായി ട്വീറ്റ് ചെയ്തത്. ദിയ, രംഗോലി, ജുംമ്ക, ഫ്ളവർ, ലാന്റേണ്‍ എന്നീ സ്റ്റാംപുകൾ സ്വന്തമാക്കിയാൽ 251 രൂപ ലഭിക്കുമെന്നാണ് ഗൂഗിൾ പേ നൽകിയ വാഗ്ദാനം. ഈ സ്റ്റാംപുകൾ ലഭിക്കുവാൻ ഗൂഗിൾ പേയിൽ കൂടി പണം കൈമാറ്റം നടത്തണം. ഒക്ടോബർ 21 മുതൽ ഒക്ടോബർ 31 വരെയാണ് ഈ ഓഫറിന്റെ കാലാവധി.
വിജയികൾക്ക് ഒക്ടോബർ 31ന് ഗൂഗിൾ പേ സമ്മാനം നൽകും. മാത്രമല്ല ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ലക്കി വിന്നർക്ക് അതിവിശിഷ്ടമായ സമ്മാനവും ലഭിക്കും. മെഗ സമ്മാനമായി ലഭിക്കുന്നത് ഒരു ലക്ഷം രൂപയാണ്.
വിളക്കുകൾ സ്കാൻ ചെയ്താൽ വിളക്കിന്റെ സ്റ്റാംപ് കിട്ടും. സ്ക്രാച്ച് കാർഡിൽ കൂടിയും പണം കൈമാറ്റം ചെയ്യുമ്പോഴും ബാക്കി സ്റ്റാംപുകളും ലഭിക്കും. സ്റ്റാംപുകൾ കൈവശമുള്ളവർക്ക് അത് കുറവുള്ളവർക്ക് നൽകാം. മാത്രമല്ല മറ്റുള്ളവരിൽ നിന്നും സ്റ്റാംപ് ആവശ്യപ്പെടുകയോ ചെയ്യാം.
രംഗോലിയുടെയും ഫ്ളവറിന്റെയും പത്ത് ലക്ഷം സ്റ്റാംപുകളുണ്ടെന്നാണ് ഗൂഗിൾ പേ പറയുന്നത്. ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ശരിക്കും യാചകരായി എന്നാണ് സോഷ്യൽമീഡിയയിൽ അഭിപ്രായമുയരുന്നത്. എന്നാൽ 251 രൂപ ലഭിക്കുവാൻ യാതൊരു മടിയുമില്ലാതെ യാചന ഇപ്പോഴും തുടരുകയാണ് എല്ലാവരും.