കോട്ടയം: ജില്ലയിലെ പോലീസ് ഇനി ഗൂർഖയിൽ പായും. ദുർഘട പാതകളിലൂടെ അനായാസം സഞ്ചരിക്കാൻ സാധിക്കുന്ന ഫോഴ്സ് കന്പനിയുടെ ഗൂർഖ ജീപ്പുകൾ ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷനുകൾക്കാണ് ലഭിച്ചിരിക്കുന്നത്.
വെള്ളത്തിലൂടെ ഓടാൻ ഈ ജീപ്പുകൾക്ക് സാധിക്കും. ചെളിയിൽ ടയർ പുതഞ്ഞാലും ജീപ്പിനു കയറി പോകാം.
ഒരു ടയർ വെള്ളത്തിലോ ചെളിയിലോ പുതഞ്ഞു പോയാൽ പോലും ഒരു ടയർ ലോക്കാക്കി മറ്റു ടയറുകൾ കറങ്ങിക്കയറിപ്പോരുന്നതാണ് ഗൂർഖാ ജീപ്പിന്റെ സാങ്കേതിക വിദ്യ.
ഓണ്റോഡിലും ഓഫ് റോഡിലും ഒരു പോലെ ഉപയോഗിക്കാൻ സാധിക്കും.
പ്രളയമുണ്ടാകുന്ന മേഖലകളിൽ അതിവേഗം എത്തി രക്ഷാപ്രവർത്തനം നടത്തുക എന്ന ലക്ഷ്യംകൂടി ഗൂർഖാ ജീപ്പുകൾക്കുണ്ട്.
ബിഎസ് സിക്സ് വിഭാഗത്തിലുള്ള ടോപ്പ് വേരിയെന്റാണു കോട്ടയത്ത് ഉപയോഗത്തിനായി എത്തിയിരിക്കുന്ന ഗൂർഖ ജീപ്പുകൾ.
വായു മലിനീകരണ തോതും ശബ്ദ മലിനീകരണം കുറവാണെന്നതും ഗൂർഖയുടെ പ്രത്യേകതയാണ്.
ഫോർ വീൽ ഡ്രൈവ് വിഭാഗത്തിൽപ്പെടുന്ന ഒരു വാഹനത്തിന് 13.25 ലക്ഷം രൂപയാണു വില.
സംസ്ഥാന സർക്കാരിന്റെ പോലീസ് നവീകരണ പദ്ധതി പ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് വാഹനങ്ങൾ വാങ്ങിയത്.
കോട്ടയം ഈസ്റ്റ്, എരുമേലി, മുണ്ടക്കയം, മണിമല, മേലുകാവ് സ്റ്റേഷനുകൾക്കാണ് ഗൂർഖ ജീപ്പ് അനുവദിച്ചിട്ടുള്ളത്.
ഇന്നലെ രാവിലെ ജില്ലാ പോലീസ് ചീഫിന്റെ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ പോലീസ് ചീഫ് ഡി. ശില്പ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നിർവഹിച്ചു.