കൊച്ചി: എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐയെ സ്വകാര്യ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായി ഡിസിപി എ.ആർ.പ്രേംകുമാർ രാഷ്ട്രദീപികയോടു പറഞ്ഞു. തിരുവനന്തപുരം ഉൗരുട്ടന്പലം ഗോവിന്ദമംഗലം മേലെതട്ടൻവിള വിജയഭവനിൽ തങ്കപ്പൻനായരുടെ മകൻ ടി. ഗോപകുമാറി(39)നെയാണ് ഇന്നലെ രാവിലെ 11.30 ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ സിൽവർ സ്പൈസ് ഹോട്ടലിലെ 107 ആം നന്പർ മുറിയിലാണ് ഗോപകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്നും മേലുദ്യോഗസ്ഥരുടെ മാനസിക പീഡനവും സമ്മർദവും മൂലമാണ് ആത്മഹത്യ ചെയ്തതെന്നു സൂചിപ്പിക്കുന്ന കുറിപ്പ് ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഗോപകുമാറിനെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ കാരണം അടക്കമുള്ള കാര്യങ്ങളാണ് പ്രാഥമികമായി അന്വേഷിക്കുന്നതെന്ന് ഡിസിപി പറഞ്ഞു. നഗരത്തിൽ ഈയടുത്തുണ്ടായ കുറ്റകൃത്യങ്ങളുടെയും കവർച്ചകളുടെയും സാഹചര്യത്തിൽ ഗോപകുമാറിന് ഉൾക്കൊള്ളാൻ കഴിയാത്ത രീതിയിൽ അമിത ജോലിഭാരം നൽകിയിരുന്നുവോ, മാനസീകമായി പീഡപ്പിച്ചിരുന്നുവോ എന്നുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈയടുത്തുണ്ടായ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ തങ്ങളുൾപ്പെടെയുള്ളവർ ജോലി പരമായി വളരെയധികം സംഘർഷങ്ങൾ അനുഭവിക്കുന്നുണ്ട്. ഗോപകുമാർ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ ഇതുസംബന്ധിച്ച് എന്തെങ്കിലും കണ്ടെത്തിയാൽ മാത്രമേ അത്തരം നടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും ഡിസിപി പറഞ്ഞു.
താൻ ജീവനൊടുക്കുന്നതിന് പിന്നിൽ നോർത്ത് എസ്ഐ വിപിൻദാസും നോർത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജെ. പീറ്ററുമാണെന്നാണ് ഗോപകുമാർ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. ഇവർ ജീവിക്കാൻ കഴിയാത്തത്ര സാഹചര്യത്തിൽ മാനസീക സമ്മർദം അനുഭവിപ്പിക്കുന്നുവെന്നും കത്തിൽ പറയുന്നു. സംഭവത്തിൽനിയമനടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കൾ.
ചടങ്ങുകൾക്ക് ശേഷം അഭിഭാഷകനുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ ശിക്ഷ വാങ്ങിക്കൊടുക്കുന്നത് വരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഇന്നലെ രാവിലെ ഗോപകുമാറിനെ വീട്ടുകാർ ഫോണിൽ വിളിച്ചെങ്കിലും എടുത്തിരുന്നില്ല. തുടർന്ന് നോർത്ത് സ്റ്റേഷനിൽ വിളിച്ച് അന്വേഷിച്ചു. സ്റ്റേഷനിൽ നിന്നു വിളിച്ചിട്ടും ഫോണ് എടുക്കാത്തതിനാൽ രണ്ടു പോലീസുകാർ ലോഡ്ജിൽ അന്വേഷിച്ചു ചെല്ലുകയായിരുന്നു.
വാതിലിൽ മുട്ടിയിട്ടും തുറക്കാത്തതിനെത്തുടർന്ന് സംശയം തോന്നി മുറിയുടെ പിറകു വശത്തെ ജനലിന്റെ ചില്ലു തകർത്തു നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. തുടർന്നു പോലീസുകാരും ലോഡ്ജിലെ ജീവനക്കാരും ചേർന്നു വാതിൽ പൊളിച്ച് അകത്തു കയറുകയായിരുന്നു.ലോഡ്ജിലെ സിസിടിവിയിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിൽ നിന്നും ശനിയാഴ്ച ഉച്ചക്ക് 2.30 ഓടെ ഗോപകുമാർ ലോഡ്ജിൽ എത്തിയതായി വ്യകതമാണ്.
തുടർന്ന് രാത്രി ഏഴുമണിക്കുള്ളിൽ മരണം സംഭവിച്ചിരിക്കാമെന്നാണ് കരുതുന്നത്. ആറു മാസത്തിലധികമായി ഈ ലോഡ്ജിലാണ് ഗോപകുമാർ താമസിച്ചിരുന്നത്. പ്രൊബേഷന്റെ ഭാഗമായി ഒരാഴ്ചയായി ഗോപകുമാറിനു തൃപ്പൂണിത്തുറയിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ട്രെയിനിംഗായിരുന്നു. തൃപ്പൂണിത്തുറയിലെ പരിശീലന ക്ലാസിനു ശഷം എല്ലാ ദിവസവും വൈകുന്നേരം അഞ്ചോടെ നോർത്ത് സ്റ്റേഷനിൽ ഗോപകുമാർ എത്താറുണ്ടായിരുന്നെന്നു സഹപ്രവർത്തകർ പറഞ്ഞു.
എന്നാൽ ശനിയാഴ്ച എത്തിയില്ല. ഡ്യൂട്ടിക്കു ശേഷം റൂമിലേക്കു പോയെന്നാണ് സഹപ്രവർത്തകർ കരുതിയത്. ഇന്നലെയും പരിശീലനമുണ്ടായിരുന്നതിനാൽ തൃപ്പൂണിത്തുറയിലെ ഓഫീസിലേക്കു പോയെന്നു കരുതി. പിന്നീട് ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ സഹപ്രവർത്തകരായ രണ്ടു പോലീസുകാർ അന്വേഷിച്ചെത്തുകയായിരുന്നു. കഴിഞ്ഞ വർഷം മേയിലാണ് എസ്ഐ സെലക്ഷൻ ലഭിച്ച് ഗോപകുമാർ നോർത്ത് സ്റ്റേഷനിൽ പ്രൊബേഷണറി എസ്ഐ ആയി എത്തിയത്. ഇതിന് മുന്പ് എക്സൈസ് പ്രിവന്റീവ് ഓഫീസറായിരുന്നു.
കളമശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വയ്ക്കും.തുടർന്ന് ഉച്ചയോടെ നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം വൈകുന്നേരം നടക്കും. വത്സലയാണ് ഗോപകുമാറിന്റെ മാതാവ്. ഭാര്യ: വിജിത വി.ജി.നായർ. മക്കൾ: നന്ദഗോപൻ, അനന്തഗോപൻ.